
ദോഹ: ഖത്തര്‍ റെയിലിന്റെ നേതൃത്വത്തില്‍ ലുസൈല്‍ ട്രാം സാങ്കേതിക പരിശോധന ലുസൈല്‍ സിറ്റിയില്‍ ആരംഭിച്ചു. പരിശോധനകള്‍ നടക്കുന്നതിനാല്‍ പ്രദേശത്തുകൂടെ പോകുന്ന വാഹന െ്രെഡവര്‍മാരും കാല്‍നടയാത്രക്കാരും ട്രാഫിക് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഖത്തര്‍ റെയില്‍ നിര്‍ദേശിച്ചു.
പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ ലുസൈല്‍ സിറ്റിയിലെ മുഖ്യ ഗതാഗത ഹബ് ആയി ലുസൈല്‍ ട്രാം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഖത്തറില്‍ നടപ്പാക്കുന്ന സമാന രീതിയിലുള്ള ഏറ്റവും വലിയ സുസ്ഥിര വികസന പദ്ധതിയാകും ഇത്.
35.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലുസൈല്‍ ട്രാം ശൃംഖല രണ്ട് ഇന്റര്‍ചേഞ്ചുകള്‍ വഴി ദോഹ മെട്രോയുമായി ബന്ധിപ്പിക്കുന്നുണ്ട്. ലുസൈല്‍, ലെഗ്തഫിയ്യ എന്നീ ഇന്റര്ചെയ്ഞ്ചുകളിലാണ് ട്രാം ദോഹ മെട്രോയുമായി ബന്ധിപ്പിക്കപ്പെടുക.
ഭൂമിക്കടിയിലും മുകളിലുമായി 28 സ്റ്റേഷനുകളും നാലു ലെയ്നുകളുമുണ്ടാകും ലുസൈല്‍ ട്രാമിന്. 207 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന അഞ്ച് കാര്‍ യൂനിറ്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ലുസൈല്‍ ട്രാം. ഓരോ ട്രാമിലും പൊതുജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക ക്ലാസുകളുണ്ടാകും. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ കയറാവുന്ന ലോ ഫ്ളോര്‍ കാറുകളാകും ട്രാമിലുണ്ടാവുക.