ദോഹ: ആസ്പയര് സോണ്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെയും 2022ലെയും കായിക, കമ്യൂണിറ്റി പരിപാടികളുടെ ഔദ്യോഗിക സ്പോണ്സര് ലുലു ഹൈപ്പര്‍മാര്‍ക്കറ്റായിരിക്കും. ഇതുസംബന്ധിച്ച സഹകരണ കരാറില്‍ ഇരുകൂട്ടരും ഒപ്പുവെച്ചു. ആസ്പയര് സോണ്‍ ഫൗണ്ടേഷന് ഓഫീസില്‍
നടന്ന ചടങ്ങില്‍ ആസ്പയര് ലോജിസ്റ്റിക്സ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള നാസര്‍ അല്നഈമിയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫുമാണ് കരാറില്‍ ഒപ്പുവെച്ചത്. ലുലുവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് അല്‍നഈമി പറഞ്ഞു. ഈ കരാറിന്റെ ഭാഗമായി അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ആസ്പയര് സോണ്‍ കലണ്ടറില്‍ നടക്കാനിരിക്കുന്ന പ്രോഗ്രാമുകളുടെ ഔദ്യോഗിക
സ്പോണ്സര്മാരിലൊരാളായി ലുലു മാറും. കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന ലോകോത്തര കേന്ദ്രമായ ആസ്പയറുമായി സഹകരിക്കുന്നത് തങ്ങള്‍ക്ക് ഒരു ബഹുമതിയാണെന്ന് ഡോ.മുഹമ്മദ് അല്‍ത്താഫ് പറഞ്ഞു. ഇന്ത്യയില്‍ നിന്നും കായിക താരങ്ങളെ ഖത്തറില്‍ കൊണ്ടുവന്നു മികച്ച പരിശീലനം നല്‍കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപെട്ടു ആസ്പയര് സോണ്‍ ഫൗണ്ടേഷന് അധികൃതര്‍ ലുലു ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
in QATAR NEWS
ആസ്പയര് സോണ്‍ ഫൗണ്ടേഷന്റെ കായിക, കമ്യൂണിറ്റി പരിപാടികളുടെ ഔദ്യോഗിക സ്പോണ്‍സറായി ലുലു
