
ദോഹ: ഖത്തറിന്റെ തൊഴില്‍ പരിഷ്കരണങ്ങളെ പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. 70-ാമത ഫിഫ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവെയാണ് ഖത്തര്‍ നടപ്പാക്കിയ തൊഴില്‍ പരിഷ്കരണങ്ങളെ ഇന്‍ഫന്റിനോ പ്രശംസിച്ചത്. മബ്റൂഖ് ഖത്തര്‍ എന്നാണ് അദ്ദേഹം പരാമര്‍ശിച്ചത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നതിനും അദ്ദേഹം വിശദീകരണം നല്കി. ഖത്തര്‍ അടുത്തിടെ കഫാല സംവിധാനം എടുത്തുകളഞ്ഞതായി ഇന്‍ഫന്റിനോ ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ക്ക് സ്വതന്ത്രമായ തൊഴില്‍മാറ്റം ഉറപ്പാക്കുന്നതാണിത്.
അതുപോലെതന്നെ തൊഴിലാളികള്‍ക്കായി മിനിമം വേതനവും നടപ്പാക്കി. ഇതൊരു നാഴികക്കല്ലാണ്. ഗെയിംചെയ്ഞ്ചറാണ്. രാജ്യാന്തര തൊഴിലാളി സംഘടനയാണ് ഖത്തറിന്റെ നടപടികളെക്കുറിച്ച് ഇങ്ങനെ പറയുന്നത്.
ഇതിന് ചെറിയതോതിലെങ്കിലും ഫുട്ബോളിനും 2022 ഫിഫ ലോകകപ്പിനും നന്ദി പറയാം- ഇന്‍ഫന്റിനോ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേതെന്നും അദ്ദേഹം പറഞ്ഞു.