
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മംവാഖ് പ്രത്യേകം ക്ഷണിക്കപ്പെട്ട 75 മഹല്ലുകള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ആഗോള – ദേശീയ – പ്രദേശിക തലങ്ങളില്‍ സംഭവിച്ചു കൊണ്ടിരുന്ന അഭൂതപൂര്‍വമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മഹല്ലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്ന് ശില്‍പ്പശാല ചൂണ്ടിക്കാട്ടി. നിരവധി മഹല്ല് ഭാരവാഹികളും മഹല്ലുകള്‍ക്ക് പിന്തുണ നല്കി പ്രവര്‍ത്തിക്കുന്ന പ്രവാസി കൂട്ടായ്മകളുടെ പ്രതിനിധികളും പങ്കെടുത്തു. മലമ്പുഴ എസ്.എം.ഇ.ടി നഴ്സിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഷംസാദ് സലീം, സൈന്‍ സ്ഥാപനങ്ങളുടെ സി.ഇ.ഒ. റാശിദ് ഗസാലി, സിജി ഖത്തര്‍ കരിയര്‍ ഹെഡ് മുഹമ്മദ് ഫൈസല്എന്നിവര് വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ശാരിഖ് അക്ബറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ മംവാഖ് പ്രസിഡന്റ് പി.എം. അസ്ഹറലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹുസൈന് കടന്നമണ്ണ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ അഹ്മദ് കബീര്‍ പൊന്നാനി സമാപന പ്രസംഗം നടത്തി.