ദോഹ: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഖത്തറില്‍ പുതിയ ആഭരണ നിര്‍മാണകേന്ദ്രം തുറക്കുന്നു. ഖത്തറിലെ മനാതിഖ് സാമ്പത്തികമേഖലയുടെ ഭാഗമായ ബിര്ക്കാത്ത് അല്‍ അവാമര്‍ ലോജിസ്റ്റിക് പാര്‍ക്കില്‍ 3,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് പുതിയ ആഭരണനിര്‍മാണ ശാല സജ്ജമാക്കുന്നത്. ഫാക്ടറിയുടെ ശിലാസ്ഥാപനം ഷൈഖ് ഹമദ് നാസര്‍ എ.എ അല്‍താനി, ശൈഖ് അബ്ദുള്ള നാസര്‍ എ.എ അല്‍താനി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് റീജ്യണല്‍ ഹെഡ് ടി.വി. സന്തോഷ്, സോണല്‍ ഹെഡ് ടി.നൗഫല്‍, എ.കെ. ഉസ്മാന് എന്നിവര്‍ പങ്കെടുത്തു. കാസ്റ്റിങ്ങ്, സിഎന്‍സി, കാഡ്-ക്യാം ത്രീഡി പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ഉയര്‍ന്ന നിലവാരവും, പൂര്‍ണ്ണതയുമുള്ള 5,000 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാന്‍ ഫാക്ടറിക്ക് സാധിക്കും. സിഎന്‍സി കട്ടിങ്ങ്, മാലകള്‍, പാദസരങ്ങള്‍, മോതിരങ്ങള്‍, വളകള്‍, 22 ക്യാരറ്റ്, 24 ക്യാരറ്റ് സ്വര്‍ണ്ണ നാണയങ്ങള്‍, കുവൈത്തി നെക്ലേസ്, ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി വിവിധ വിഭാഗങ്ങളുണ്ടാകും. അടുത്തവര്‍ഷം ജൂലൈയോടെ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങും. 200ഓളം പുതിയ തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടും. വജ്രവും മറ്റ് അമുല്ല്യ രത്നാഭരണങ്ങളും നിര്‍മ്മിക്കാനുള്ള സൗകര്യവുമുണ്ടാകും. ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യത്തെ നിര്‍മ്മാണ കേന്ദ്രമാണിത്. 2013 മുതല്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ നിര്‍മ്മാണ കേന്ദ്രത്തിന് പുറമെയാണിത്. 50 വിദഗ്ധരായ ആഭരണ നിര്‍മ്മാണത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന നിലവിലുള്ള ഫാക്ടറിക്ക് പ്രതിവര്‍ഷം 1200 കിലോ ആഭരണ നിര്‍മ്മാണ ശേഷിയാണുള്ളത്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ക്ലീന്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് ഫാക്ടറിയുടെ രൂപകല്‍പ്പന. ജലത്തില്‍ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ ജനറേറ്ററുകള്‍, പുറംതള്ളുന്ന വ്യാവസായിക മാലിന്യങ്ങളില്‍ നിന്ന് വിഷകണികകളെയും വാതകങ്ങളെയും നീക്കം ചെയ്യുന്ന വായു മലിനീകരണ നിയന്ത്രണ ഉപകരണം, മലിനജല ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് ദുര്‍ഗന്ധമുള്ളതും, വിഷകരവുമായ വാതകങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഡ്രൈ സ്ക്രബിങ്ങ് സിസ്റ്റം തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങള്‍ ഫാക്ടറിയില്‍ ഉള്‍പ്പെടുത്തും. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന് നിലവില്‍ 14 ആഭരണ നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്. കൂടാതെ 14 ഹോള്‍സെയില്‍ യൂണിറ്റുകള്‍, ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍ എന്നിവയുമുണ്ട്.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഖത്തറില്‍ പുതിയ ആഭരണ നിര്‍മ്മാണ കേന്ദ്രം തുറക്കും
