in

മാളുകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യ ഘട്ടം നാളെ തുടങ്ങാനിരിക്കെ ഷോപ്പിങ് സെന്ററുകളുടെ പ്രവര്‍ത്തനസമയം വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. നാളെ മുതല്‍ മാളുകള്‍ക്കും ഷോപ്പിങ് സെന്ററുകള്‍ക്കും പ്രവര്‍ത്തിദിവസങ്ങളില്‍ മുപ്പത് ശതമാനം ശേഷിയില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഇവ തുറക്കില്ല.
മാളുകളും ഷോപ്പിങ് സെന്ററുകളും പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു. പ്രവേശന കവാടത്തില്‍ പുകവലി നിരോധിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ പുറപ്പെടുവിക്കുന്ന മറ്റ് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണം. വാണിജ്യ കേന്ദ്രങ്ങളിലെ ചില സ്റ്റോറുകള്‍ ഭാഗികമായി തുറക്കും. ഷോപ്പിന്റെ വിസ്തീര്‍ണം 300 ചതുരശ്രമീറ്ററില്‍ കുറയാന്‍ പാടില്ല.
ഷോപ്പുകളുടെ ശേഷി 30ശതമാനത്തില്‍ കൂടാനും പാടില്ല. ഹോംഡെലിവറി, ടേക്ക് എവേ സേവനങ്ങള്‍ക്കായി റസ്‌റ്റോറന്റുകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ റെസ്റ്റോറന്റുകളില്‍ ഇരുന്ന് കഴിക്കുന്നത് വിലക്കിയിട്ടുണ്ട്. മാളുകളിലെയും വാണിജ്യകേന്ദ്രങ്ങളിലെയും മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, കേക്ക്, പേസ്ട്രി, തേന്‍, ഈത്തപ്പഴം എന്നിവ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം. അതേസമയം ഗെയിമിങ് സെന്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, സ്‌കേറ്റ്‌ബോര്‍ഡ് അരീനകള്‍, പ്രാര്‍ത്ഥനാ മുറികള്‍, സിനിമാശാലകള്‍ എന്നിവ അടച്ചിരിക്കും. മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും നടക്കുന്ന കലാപരവും സാംസ്‌കാരികവും വിനോദപരവുമായ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.
മാളുകളും ഷോപ്പിങ് സെന്ററുകളും പൊതുജനാരോഗ്യ മന്ത്രാലയവും ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയവും വ്യക്തമാക്കിയ മുന്‍കരുതല്‍, പ്രതിരോധ നടപടികളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കണം. ഇഹ്തിറാസ് ആപ്പില്‍ വ്യക്തിയുടെ ആരോഗ്യസ്ഥിതി തിരിച്ചറിയുന്ന കളര്‍കോഡ് പരിശോധിച്ചതിനുശേഷം പച്ചനിറമുള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. മെഡിക്കല്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് പ്രവേശനമുണ്ടാകില്ല.
മാളുകളിലുള്ളപ്പോള്‍ മുഴുവന്‍ സമയവും മാസ്‌ക്ക് ധരിക്കാന്‍ സന്ദര്‍ശകരെ നിര്‍ബന്ധിക്കണം. പന്ത്രണ്ട് വയസില്‍ താഴെയുള്ളവര്‍ക്കും അറുപത് വയസിനു മുകളിലുള്ളവര്‍ക്കും പ്രവേശനമുണ്ടാകില്ല. എല്ലാ പ്രവേശന കവാടങ്ങളിലും ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ശരീര താപനില പരിശോധിക്കുകയും 38 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനിലയുള്ളവരെ മാളില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്യും. മാള്‍ സൗകര്യങ്ങളിലുടനീളം ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭ്യമാക്കണം.
മറ്റു വ്യക്തികളുമായി രണ്ടു മീറ്ററില്‍ കുറയാത്ത സുരക്ഷിതമായ അകലം പാലിക്കാന്‍ സന്ദര്‍ശകരെ ബോധവല്‍ക്കരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ലഭ്യമായ പാര്‍ക്കിങ്് സ്ഥലങ്ങളുടെ ശേഷി 50 ശതമാനമായി കുറക്കണം. മാളിന്റെ പതിവ് ശേഷിയുടെ 30ശതമാനത്തില്‍ താഴെയായിരിക്കണം പ്രവര്‍ത്തനം. മാള്‍ പ്രവേശന കവാടങ്ങളില്‍ പുകവലി നിരോധിക്കുന്നതിന്റെ ഭാഗമായി സിഗരറ്റ് മാലിന്യങ്ങള്‍ക്കായി (ആഷ്ട്രേകള്‍) നിയുക്തമാക്കിയിരിക്കുന്ന എല്ലാ കണ്ടെയ്‌നറുകളും നീക്കണം. മാളുകളിലേക്കുള്ള പ്രവേശന കവാടത്തില്‍ സന്ദര്‍ശകരുടെയും ലിമോസിന്‍, ടാക്‌സി ഡ്രൈവര്‍മാരുടെയും ഒത്തുചേരല്‍ വിലക്കിയിട്ടുണ്ട്. ജീവനക്കാരുടെ ശരീര താപനില നിരന്തരം പരിശോധിക്കണം. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഐസൊലേഷനിലേക്ക് മാറ്റണം.
ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകളും ആരോഗ്യ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട അതോറിറ്റികളെ അറിയിക്കണം. ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാരെ വിദൂരമായി ജോലി ചെയ്യാന്‍ അനുവദിക്കണം. ഷോപ്പുകളുടെ തറയില്‍ സുരക്ഷിതമായ അകലം പാലിക്കല്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കണം. സ്റ്റോറിന്റെ ശേഷി അനുസരിച്ച് മാത്രം ഉപഭോക്താക്കളെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കണം.
ഓരോ ഒന്‍പത് ചതുരശ്ര മീറ്ററിലും ഒരു വ്യക്തിയെ മാത്രമേ അനുവദിക്കൂ. പണം ഉപയോഗിക്കുന്നതിന് പകരം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണം.
ഭരണനിര്‍വഹണ ഓഫീസുകള്‍, വെയര്‍ഹൗസുകള്‍, ജീവനക്കാരുടെ താമസസൗകര്യം, അനുബന്ധ ഗതാഗത സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഔട്ട്ലെറ്റിന്റെ എല്ലാ സൗകര്യങ്ങളും തുടര്‍ച്ചയായി അണുവിമുക്തമാക്കണം. തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിന്റെ പിന്തുണയോടെ ഇദ്‌ലിബില്‍ പ്രവര്‍ത്തിക്കുന്നത് നാല് ആരോഗ്യകേന്ദ്രങ്ങള്‍

ഉംസലാലില്‍ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ സൂക്ഷിച്ച ഗോഡൗണ്‍ പൂട്ടി