
എ.പി. മുഹമ്മദ് അഫ്സല്/ ദോഹ:
നടന് മമ്മൂട്ടിയുടെ അറുപത്തിയൊമ്പതാം ജന്മദിനത്തില് വാര്‍ത്താചാനലുകളും ഓണ്‍ലൈന്‍ മീഡിയകളും ആഘോഷിക്കുന്നത് 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഖത്തറിലെ പ്രമുഖ കലാകാരന് എ.വി.എം ഉണ്ണി ദോഹയില്‍ വെച്ച് നടത്തിയ അഭിമുഖം. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
വീഡിയോ കാണാം..
നടി ശോഭന, മുരളി, കൊച്ചിന് ഹനീഫ, സിദ്ദീഖ്, സൈനുദ്ദീന്‍, കുഞ്ചന്‍ എന്നീ താരങ്ങള്‍ക്ക് പുറമെ സംവിധായകന് ജോഷി, ലോഹിതദാസ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവരെല്ലാം 1992-ലെ ഈ വീഡിയോയിലുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടി നൈറ്റ്സ്’ എന്ന പേരില്‍ ഖത്തറില്‍ നടന്ന സ്റ്റേജ് ഷോക്കായി ദോഹയില്‍ എത്തിയതായിരുന്നു കലാകാരന്മാര്. പരിപാടിക്കായി പല താരങ്ങളും ദോഹയിലെ ഹോട്ടലില്‍ എത്തിച്ചേരുന്നതും കേക്ക് മുറിച്ച് ആഘോഷിക്കുന്നതുമെല്ലാം ഒന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.
മെലിഞ്ഞുനീണ്ട കുഞ്ഞുദുല്ഖര്
റമദ റിനേസ്സിയന്സ് (ഇന്നത്തെ റാഡിസണ്‍ ബ്ലൂ) ഹോട്ടലിലേക്ക് മമ്മൂട്ടി സകുടുംബം കാറിലെത്തുന്നതു മുതലാണ് ദൃശ്യങ്ങള്‍ തുടങ്ങുന്നത്. ഭാര്യ സുല്‍ഫത്തും മക്കളായ ദുല്‍ഖര്‍ സല്‍മാനും സുറുമിയും കാറില്‍ നിന്നിറങ്ങി ഹോട്ടലിലേക്ക് കയറുന്നത് കാണാം. മമ്മൂട്ടിക്ക് സ്വീകരണമൊരുക്കിയതിന്റെ ഭാഗമായുള്ള കേക്ക് മുറിക്കുന്നതും ഭാര്യക്കും മക്കള്‍ക്കും മറ്റു നടന്മാര്ക്കും കേക്ക് കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം.
മെലിഞ്ഞുനീണ്ട കുഞ്ഞുദുല്ഖര് കാണികളില്‍ കൗതുകമുണര്‍ത്തുന്നുണ്ട്. ”വീഡിയോയിലെ ദുല്‍ഖര്‍ സല്‍മാനെ നിങ്ങളാരെങ്കിലും ശ്രദ്ധിച്ചോ. ആശ്ചര്യപ്പെടേണ്ട; വൈകിയാണെങ്കിലും ഡി ക്യു ഇത് ഷെയര്‍ ചെയ്തേക്കും.” യൂടൂബില്‍ വീഡിയോ കണ്ട അഭിജിത് വിജയ് കുറിച്ചു. ഡോണ്‍ എസ് എന്നൊരാള്‍ പറഞ്ഞത് ദുല്‍ഖറിനെ കണ്ടിട്ട് എനിക്ക് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നാണ്. എത്ര മാത്രം കുട്ടിയാണയാള്. ഇതാണ് ജീവിതം. പ്രവചനാതീതമാണത്. ഇത്രയും ജനപ്രീതിയുള്ളൊരു നടനാവും ആ കുഞ്ഞുദുല്ഖറെന്ന് ആരെങ്കിലും പ്രവചച്ചിരുന്നുവോ എന്നും ഡോണ്‍ ചോദിക്കുന്നു. മമ്മൂട്ടിയുമായി എ.വി.എം ഉണ്ണി നടത്തിയ അഭിമുഖത്തില്‍ അന്നത്തെ സിനിമാ ചിത്രീകരണത്തെ കുറിച്ചും, സിനിമയിലേക്ക് കടന്നുവരാന്‍ താല്പര്യമുള്ള പുതുലമുറക്കായുള്ള ഉപദേശവുമെല്ലാം മമ്മൂട്ടി പ്രകടമാക്കുന്നുണ്ട്.
കാലത്തെ അതിജീവിച്ച ദൃശ്യങ്ങളുമായി
ബാപ്പയും മകനും

ആ അഭിമുഖത്തിലെ മമ്മൂട്ടിയുടെ കാഴ്ചപ്പാടുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടപ്പോള്‍, മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള ആ ദൃശ്യങ്ങള്‍ എങ്ങനെ കാലത്തെ അതിജീവിച്ചു എന്നും പലരും ചിന്തിച്ചുകാണില്ല. ഖത്തറിലെ ദീര്‍ഘകാല പ്രവാസി കലാകാരന് എ.വി.എം ഉണ്ണിയുടെയും മകന് ലുക്മാനുല്‍ ഹക്കീമിന്റെയും അധ്വാനമാണ് ആ ദൃശ്യശകലങ്ങളെ രണ്ടരപ്പതിറ്റാണ്ടിനിപ്പുറവും മിഴിവോടെ കാണികളുടെ മുന്നിലെത്തിക്കുന്നത്. കഴിഞ്ഞ മാസമാണ് കലാഭവന്‍ മണിയുടെ ആദ്യത്തെ അഭിമുഖം എ.വി.എം. ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂട്യൂബ് ചാനലില്‍ വന്നത്. അതേ തുടര്‍ന്ന് നാദിര്ഷയുള്പ്പെടെ ഒരുപാട് താരങ്ങളുടെ പഴയ അഭിമുഖങ്ങള്‍ ചാനലിലെത്തി. വിഎച്ച്എസ് കാസറ്റുകള്‍ വിസിആറില്‍ ഇട്ട് ഓഡിയോ, വീഡിയോ ഔട്ട്പുട്ട് കമ്പ്യൂട്ടറിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കനോപ്പസ്, ബ്ലാക് മാജിക് എന്നീ കമ്പനികളുടെ കാപ്ചര്‍ കാര്‍ഡ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഏകദേശം പതിനഞ്ച് ടി.ബി(ടെറാബൈറ്റ്) സൈസിലുള്ള വിഷ്വല്സാണുള്ളത്. പാട്ടുകള്‍, നാടകം, ഓഡിയോ നാടകങ്ങള്‍ എന്നിവയുടെ ക്ലിപ്പുകളും ഈ ആര്‍ക്കൈവ്സില്‍ ഉടനെ എത്തിക്കുന്നുണ്ട്. മൂന്നു പതിറ്റാണ്ടിന്റെ ദൃശ്യശേഖരങ്ങളാണ് എ.വി.എം. ഉണ്ണി ആര്‍ക്കൈവ്സ് ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നത്.

അതേക്കുറിച്ച് എ.വി.എം ഉണ്ണി വിശദീകരിക്കുന്നത് ഇങ്ങനെ: ‘ടെലിവിഷന്‍ ക്യാമറകള്‍ സാധാരണക്കാരിലേക്കെത്തിത്തുടങ്ങുന്ന കാലത്താണ് സൗഹൃദങ്ങള്‍ വഴി എന്നിലും അവ എത്തിപ്പെടുന്നത്. പത്രപ്രവര്ത്തകമോഹം അടിച്ചമര്‍ത്തി പ്രവാസജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് ബോംബെയില്‍ നിന്ന് എം.പി.നാരായണപ്പിള്ളയുടെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന ഗള്‍ഫ് മലയാളിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. അതേ സമയം തന്നെ ഒരു വീഡിയോ മാഗസിന് എന്ന സങ്കല്പത്തോടെ ഖത്തറിലെത്തുന്ന മുഴുവന്‍ കലാകാരന്മാരെയും അഭിമുഖം ചെയ്യാന്‍ തുടങ്ങി. സിനിമാരംഗത്തുള്ളവര്‍ക്ക് പോലും വീഡിയോ മാഗസിന് ആശയം ശരിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. എട്ട് എംഎം, വിറ്റാമാക്സ്, വി.എച്ച്.എസ്., ഡി.വി. എന്നീ അനലോഗ് ഫോര്‍മാറ്റിലുള്ള ക്യാമറകളില്‍ ചിത്രീകരിച്ചതാണ് ഈ ദൃശ്യങ്ങള്‍. പ്രവാസം പലതും നഷ്ടപ്പെടുത്തുന്നുണ്ട് എന്ന് പറയാറുണ്ട്. പക്ഷെ എന്റെ ഏറ്റവും വലിയ സമ്പാദ്യം ഈ ആര്‍ക്കൈവാണ്.”
ലുഖ്മാന്റെ അഭിപ്രായത്തില്‍ ഗള്‍ഫിലെ കാലാവസ്ഥകാരണമാണ് ഈ ടേപ്പുകള്‍ പൂപ്പല്‍ പിടിക്കാതെ ബാക്കിയായത്. നാട്ടിലാണെങ്കില്‍ ഇതൊക്കെ ഈര്‍പ്പം കാരണം നശിച്ചുപോയേനെ. ഡി.വി. ക്യാമറക്ക് ശേഷമാണ് മെമ്മറി കാര്‍ഡിലേക്ക് ദൃശ്യങ്ങള്‍ റെക്കോഡായി പോവുന്ന സാങ്കേതികവിദ്യ വരുന്നതും മേഖല പൂര്‍ണമായും ഡിജിറ്റലാവുന്നതും.