in , ,

കാണാതായ സ്വദേശി യുവാവ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് അല്‍ഖറാറയില്‍

അബ്ദുല്‍അസീസ് അല്‍ഉതൈബിക്കു വേണ്ടി തിരച്ചില്‍ നടത്താന്‍ അല്‍ഖറാറ പ്രദേശത്ത് എത്തിയവര്‍. മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ള ദൃശ്യം. (ഫോട്ടോ: അശ്ശര്‍ഖ് )

ദോഹ: മൂന്ന് ദിവസം ദിവസം മുന്‍പ് അല്‍വുഖൈര്‍ സൗത്തില്‍ വെച്ച് കാണാതായ സ്വദേശി യുവാവ് മരിച്ച നിലയില്‍. അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളും പ്രദേശവാസികളും വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കളെ ഉദ്ധരിച്ചു പ്രാദേശിക അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തരി യുവാവായ അബ്ദുല്‍ അസീസ് മുഥ്‌ലഖ് അല്‍ഉതൈബി(33)യുടെ മൃതദേഹം അല്‍വുഖൈറിന് തെക്ക് അല്‍ഖറാറ പ്രദേശത്ത് ആണ് കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. പൊലീസും ഉദ്യോഗസ്ഥരും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനു പുറമെ ‘അല്‍ഖറാറയില്‍ ആളെ കാണാനില്ല’ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചാരണം നടത്തിയും നേരിലന്വേഷിച്ചും സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ദു:ഖവിവരം അറിയുന്നത്. ഇയാള്‍ 2003 മോഡല്‍ സില്‍വര്‍ ലാന്റ് ക്രൂയിസര്‍ ജിഎക്‌സ് കാറാണ് ഓടിച്ചിരുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സൗത്ത് വുഖൈറില്‍വെച്ചാണ് അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. മരണകാരണവും മറ്റു വിവരങ്ങളും വിപുലമായ അന്വേഷണത്തിനു ശേഷമേ പുറത്തുവരികയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വുഖൈര്‍ സൗത്തില്‍ യുവാവിനെ കാണാതായി; തെരച്ചില്‍ തുടരുന്നു

സന്ദര്‍ശനം ഒഴിവാക്കുക