
ദോഹ: മനാതിഖിനു കീഴിലുള്ള ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, വ്യവസായ സോണുകള്‍ എന്നിവയില്‍ ആറുമാസത്തേക്ക് വാടക ഇളവ് പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ തീരുമാനം പ്രാബല്യത്തിലായി. മനാതിഖിനു കീഴിലുള്ള സൗകര്യങ്ങളില്‍ ആറുമാസത്തേക്ക് വാടക നല്‍കേണ്ടതില്ല.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ദുരന്തനിവാരണ സുപ്രീംകമ്മിറ്റി യോഗത്തിലുണ്ടായ തീരുമാനപ്രകാരമാണ് വാടകയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. പല കമ്പനികളും വാണിജ്യ യൂണിറ്റുകള്‍ക്കുള്ള വാടക നീട്ടിവെക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. മാള്‍ ഓഫ് ഖത്തറില്‍ റീട്ടെയില്‍ സ്റ്റോറുകള്‍ക്ക് മൂന്നു മാസത്തേക്ക് വാടക ഒഴിവാക്കി നല്‍കിയിട്ടുണ്ട്. നിലവിലെ പൊതുജനാരോഗ്യ സാഹചര്യത്തില്‍ എല്ലാ ചില്ലറ വ്യാപാരികള്‍ക്കും മൂന്നു മാസത്തെ വാടക ഇളവ് ലഭിക്കുമെന്ന് മാള്‍ ഓഫ് ഖത്തര്‍ മാനേജ്‌മെന്റ് അറിയിച്ചു. മാര്‍ച്ച്, ഏപ്രില്‍, മെയ്് മാസങ്ങളിലെ വാടകബാധ്യതയില്‍ നിന്നും ഒഴിവാക്കും.
ആസ്പയര്‍ സോണിന്റെ കീവിലുള്ള കഫേകളുടെയും റസ്റ്റോറന്റുകളുടെയും വാടകയും സേവന ഫീസുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഒഴിവാക്കി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ബര്‍വ റിയല്‍ എസ്്‌റ്റേറ്റ് വാടക അടക്കല്‍ ഏപ്രില്‍ മുതല്‍ മൂന്നു മാസത്തേക്ക് നീട്ടിവെച്ചു. മുഷൈരിബ് പ്രോപ്പര്‍ട്ടീസും കത്താറയും വാണിജ്യ ഔട്ട്‌ലെറ്റുകളുടെ വാടകയും സേവന ബില്ലുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഒഴിവാക്കിയിട്ടുണ്ട്.