ക്വാറന്റൈന്‍ കാലാവധിയില്‍ വേതനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല
ദോഹ: രാജ്യത്തെ സ്‌കൂളുകളില്‍ ജീവനക്കാരുടെ പ്രവേശനത്തിന് കോവിഡ് വാക്‌സിനേഷനോ പ്രതിവാര കോവിഡ് പരിശോധനയോ നിര്‍ബന്ധമാക്കുന്നു. ഒന്നുകില്‍ കോവിഡ് പ്രതിരോധ വാക്‌സിനെടുത്തിരിക്കണം. അതല്ലെങ്കില്‍ ഓരോ ആഴ്ചയിലെയും കോവിഡ് പരിശോധനാഫലത്തിന്റെ തെളിവ് ഹാജരാക്കണം. ഇവയിലേതെങ്കിലുമൊന്ന് ഇല്ലാത്തവരെ സ്‌കൂളുകളിലേക്ക് പ്രവേശിപ്പിക്കില്ല. വിദ്യാഭ്യാസമേഖലയിലെ ഭരണനിര്‍വഹണ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ജീവനക്കാരോടും വാക്‌സിന്‍ സ്വീകരിക്കാന്‍ മന്ത്രാലയം ആഹ്വാനം ചെയ്തു.
ഇഹ്‌തെരാസ് ആപ്പില്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്ന് അര്‍ഥമാക്കുന്ന സ്വര്‍ണഫ്രെയിമോ അതല്ലെങ്കില്‍ കൊറോണ വാക്‌സിനേഷന്‍ കാര്‍ഡോ അതുമല്ലെങ്കില്‍ പ്രതിവാര കോവിഡ് പരിശോധന നടത്തിയതിന്റെ രേഖയോ ഹാജരാക്കിയാല്‍ മാത്രമായിരിക്കും ജീവനക്കാരെ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു. പുതിയ നടപടിക്രമങ്ങള്‍ മാര്‍ച്ച് 21 മുതല്‍ പ്രാബല്യത്തിലാകും.
വാക്‌സിന്‍ എടുക്കാന്‍ അവസരമുണ്ടായിരിക്കുകയും അസ്വീകാര്യമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കാത്തവരുമായ ജീവനക്കാരുടെ കാര്യത്തില്‍ അവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയോ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടാകുകയോ ചെയ്താല്‍ ക്വാറന്റൈന്‍ കാലാവധിയില്‍ വേതനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിവിധ അതോറിറ്റികളുമായി ഏകോപിപ്പിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിനായി വാക്‌സിന്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.