
ദോഹ: ഷോപ്പിങിനായെത്തുന്ന ഉപഭോക്താക്കള്‍ക്കും സേവന, നിര്‍മാണ മേഖലയിലെ ജീവനക്കാര്‍ക്കും മാസ്‌ക്ക് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തിലായി. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ വ്യവസായ വാണിജ്യ മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 26 ഞായറാഴ്ച മുതലാണ് തീരുമാനം പ്രാബല്യത്തിലായത്.
കോവിഡ്-19 വ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ തുടര്‍ച്ചയാണിത്. മാസ്‌ക്ക് ധരിക്കാതെ ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രവേശനം അനുവദിക്കില്ല. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ക്ലയന്റ്‌സിനും സേവനങ്ങള്‍ നല്‍കേണ്ട സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ജീവനക്കാരും തൊഴിലാളികളും അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുമ്പോള്‍ മാസ്‌ക്ക് ധരിക്കാന്‍ ബാധ്യസ്ഥരാണ്. ഉപഭോക്താക്കളും മാസ്‌ക്ക് ധരിക്കണം. ഭക്ഷ്യ, കാറ്ററിങ് സ്റ്റോറുകളില്‍ പ്രവേശിക്കുമ്പോഴും ഷോപ്പിങ് സമയത്തും ഉപഭോക്താക്കള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമായിരിക്കും. മാസ്‌ക്ക് ധരിക്കാത്തവരെ ഒരു കാരണവശാലും പ്രവേശിപ്പിക്കരുത്. ഷോപ്പുകളുടെ ഉത്തരവാദിത്വമുള്ളവര്‍ ഇതിനാവശ്യമായ നടപടികളെടുക്കണം. കരാര്‍ മേഖലയിലെ തൊഴിലാളികളും ചുമതല നിര്‍വഹിക്കുമ്പോള്‍ മാസ്‌ക്ക് ധരിച്ചിരിക്കണം. ഈ മേഖലയിലെ ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ക്ക് മാസ്‌ക്കുകള്‍ ലഭ്യമാക്കണം. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും വേണം. ഈ തീരുമാനങ്ങള്‍ പാലിക്കാത്തവര്‍ക്ക് മൂന്നു വര്‍ഷത്തില്‍ കൂടാത്ത കാലയളവില്‍ തടവുശിക്ഷയും രണ്ടുലക്ഷം റിയാലില്‍ കവിയാത്ത പിഴയും അല്ലെങ്കില്‍ ഇവയിലേതെങ്കിലുമൊന്നായിരിക്കും ശിക്ഷ. പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട 1990ലെ 17-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും നിയമനടപടി സ്വീകരിക്കുക.