
ദോഹ: വാഹനമോടിക്കുന്നവര്‍ക്കിടയില്‍ മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ട്രാഫിക് പോലീസ് ‘നോനി’ അവതരിപ്പിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി സുരക്ഷിതമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിന്റെ കാമ്പയിന്‍ തുടരുകയാണ്. കാമ്പയിന് സൗഹാര്‍ദ്ദപരമായ മുഖം നല്‍കുന്നതിനായാണ് സുരക്ഷാ ചിഹ്നമായ നോനിയെ ഉപയോഗപ്പെടുത്തുന്നത്. ട്രാഫിക് ചെക്ക്‌പോയിന്റുകളില്‍ വാഹനങ്ങളിലിരിക്കുന്ന കുട്ടികളുമായി അടുത്ത് ഇടപഴകി ബോധവല്‍ക്കരണം വ്യാപിപ്പിക്കുകയാണ് കോവിഡിലൂടെ ലക്ഷ്യമിടുന്നത്.

കോവിഡ് വിതരണശൃംഖലയുടെ അപകടസാധ്യത കുറക്കുന്നതിന് കയ്യുറകളും മാസ്‌കുകളും ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ട്രാഫിക് ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിക്കുമ്പോള്‍, ക്രിയാത്മകവും സൗഹാര്‍ദ്ദപരവുമായ ഇടപെടലുകളിലൂടെ കുട്ടികളിലേക്കെത്താനാണ് നോനി ശ്രമിക്കുന്നത്. കാമ്പയിന്റെ ഭാഗമായി ട്രാഫിക് ചെക്ക്‌പോസ്റ്റുകളില്‍ ഡ്രൈവര്‍മാര്‍ക്ക് മാസ്‌കുകളും കയ്യുറകളും വിതരണം ചെയ്തു.