
ദോഹ: കൊറോണ വൈറസിന്റെ(കോവിഡ്-19) സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം.
കോവിഡ് സ്ഥിരീകരിച്ച വളരെ കുറച്ച് ഗര്‍ഭിണികളെ മാത്രമെ ചികിത്സക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളുവെന്നും കോവിഡ് ബാധിതരായവര്‍ ജന്മം നല്കിയ എല്ലാ കുഞ്ഞുങ്ങളെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് രോഗബാധിതരായ ഗര്‍ഭിണികള്‍ക്ക് ക്യൂബന്‍ ആസ്പത്രിയിലാണ് ചികിത്സ ക്രമീകരിച്ചിരിക്കുന്നത്. ഗര്‍ഭകാലയളവില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കും പ്രസവശേഷമുള്ളവര്ക്കുമായി മന്ത്രാലയം ലഘുലേഖ തയാറാക്കി. ഗര്‍ഭിണികള്‍ക്ക് കോവിഡ് ബാധയുണ്ടോ ഇല്ലയോ എന്നതുസംബന്ധിച്ച വിവരങ്ങളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. മാതാവിന് കോവിഡുണ്ടെങ്കില്‍ കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിശദീകരണവും നല്‍കിയിട്ടുണ്ട്. കുഞ്ഞുങ്ങളില്‍ ജനന വൈകല്യങ്ങള്‍ക്കോ കുഞ്ഞിന്റെ വളര്‍ച്ചക്കോ കോവിഡ് അണുബാധ ഇടയാക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
അണുബാധ ഗര്‍ഭം അലസാനുള്ള സാധ്യതക്കിടയാക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ലഭ്യമായ തെളിവുകള്‍ പരിമിതമാണെങ്കിലും, ഗര്‍ഭസ്ഥ ശിശുവിന് ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ തന്നെ രോഗം വരാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ സാധാരണയായി ദുഖാനിലെ ക്യൂബന്‍ ആസ്പത്രിയിലായിരിക്കും പ്രസവം. കോവിഡ് അണുബാധയുള്ള ഗര്‍ഭിണികളെ പരിചരിക്കുന്നതിനായി ആസ്പത്രിയില്‍ പ്രത്യേക സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. വളരെ കുറവ് എണ്ണം നവജാതശിശുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ കാര്യത്തില്‍ ഗര്ഭപാത്രത്തില്വെച്ചാണോ അതോ ജനിച്ചയുടനെയാണോ അണുബാധയുണ്ടായതെന്ന് ഇതുവരെ ഉറപ്പിക്കാറായിട്ടില്ല. കോവിഡ് സ്്ഥിരീകരിക്കപ്പെട്ട എല്ലാ കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിക്കുന്ന മിക്ക ഗര്‍ഭിണികളെയും ഐസൊലേഷനിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. വളരെ കുറച്ചുപേര്‍ക്കു മാത്രമേ ക്യൂബന്‍ ആസ്പത്രിയില്‍ ചികിത്സ ആവശ്യമായി വരുന്നുള്ളൂ. അവസ്ഥ മെച്ചപ്പെടുന്നതോടെ ക്വാറന്റൈന് സൗകര്യത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കോവിഡ് അണുബാധ സ്ഥിരീകരിക്കുന്നതിലൂടെ പ്രസവസമയത്തെ ബാധിക്കുമെന്നോ നേരത്തെ പ്രസവമുണ്ടാകുമെന്നോ അര്‍ഥമാക്കേണ്ടതില്ല.
മിക്ക കേസുകളിലും സാധാരണപോലെ ഗര്‍ഭകാലം തുടരുകയും പ്രസവം നടക്കുകയും ചെയ്യും. വളരെ കുറച്ച് കേസുകളില്‍, പ്രത്യേകിച്ച് അമ്മയ്ക്ക് കടുത്ത ലക്ഷണങ്ങളും ന്യുമോണിയയും ഉണ്ടെങ്കില്‍ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കൂടുതലാണ്.
നിലവിലെ സാഹചര്യത്തില്‍ ഖത്തറിലെ ഗര്‍ഭിണികള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുകയും അവരുടെ ആരോഗ്യപരിരക്ഷാ ദാതാക്കളുമായി പതിവായി ബന്ധപ്പെടുകയും വേണമെന്ന് സിദ്ര മെഡിസിന് വുമണ്‍ സര്‍വീസ് ടീം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് സാധ്യത കുറക്കുന്നതിന് വ്യക്തിപരമായ കൈ ശുചിത്വവും സാമൂഹിക അകലവും പാലിക്കുന്നതുള്‍പ്പടെ പൊതുനിര്‍ദേശങ്ങള്‍ പാലിക്കണം. ഗര്‍ഭിണിയായ ആര്‍ക്കെങ്കിലും കോവിഡ് ബാധയോ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളോ പ്രകടമായാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ നമ്പരായ 16000ലേക്ക് വിളിക്കണം. നിലവില്‍ ഗര്ഭമുള്ളവര് കോവിഡ്-19 രോഗം സ്ഥിരീകരിച്ചോ സംശയിക്കപ്പെട്ട ഐസൊലേഷനില്‍ തുടരുകയാണെങ്കില്‍ ആന്റിനാറ്റല്‍ ക്ലിനിക്കുമായി ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് നീട്ടണം. എന്നാല്‍ അപ്പോയിന്റ്മെന്റ് അടിയന്തരമാണെങ്കില്‍ രോഗിയെ കാണുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
ഗര്‍ഭകാലത്ത് കോവിഡ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ, ജനനത്തിനുശേഷം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്നീ കാര്യങ്ങളെക്കുറിച്ച് ഇപ്പോഴും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സ്വയം ഒറ്റപ്പെടല്‍ കാലയളവില്‍(സെല്‍ഫ് ഐസൊലേഷന്‍) ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ക്ക് 16000 എന്ന ഹോട്ട്ലൈന്‍ നമ്പരില്‍ ബന്ധപ്പെടാം. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പരിചരണങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന കേന്ദ്രത്തിലേക്ക് പോകാന്‍ ഉപദേശിച്ചേക്കാം- വിമണ്‍ സര്‍വീസസ് ടീം ചൂണ്ടിക്കാട്ടി.
സ്വയം ഒറ്റപ്പെടലില്‍ കഴിയുന്ന ഗര്‍ഭിണികളോ കോവിഡ് ലക്ഷണങ്ങളോ ഉള്ളവര്‍ അടിയന്തിര വൈദ്യസഹായം ആവശ്യമില്ലെങ്കില്‍ ഒബ്സ്റ്റട്രിക്സ് ട്രിയേജിലോ ഔട്ട്പേഷ്യന്റ് ക്ലിനിക്കിലോ പോകരുത്. പ്രസവ ചികിത്സ നടത്തുന്നവരുമായി സംസാരിക്കാനാഗ്രഹിക്കുന്ന സിദ്രമെഡിസിനിലെ ഗര്‍ഭിണികളായ രോഗികള്‍ വിളിക്കുക: 40031419