
ദോഹ: ഖത്തറില്‍ പുതിയ യാത്രാ നയം നിലവില്‍ വന്നതോടെ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസാ അപേക്ഷ അധികൃതര്‍ സ്വീകരിച്ചു തുടങ്ങി. മെട്രാഷ് 2 വഴി പലരും അപേക്ഷ സമര്‍പ്പിച്ചു. ഫാമിലി വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ, ബിസിനസ്സ് വിസ എന്നിവയും ഓണ്‍അറൈവല്‍ വിസയും ലഭിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് എയര്‍പോര്‍ട്ട് സുരക്ഷാ വകുപ്പിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇന്നലെ മുതലാണ് തുടക്കമാവുകയെന്ന് അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം പലര്‍ക്കും അപേക്ഷിക്കാന്‍ കഴിയാതെ വരികയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ”തന്റെ ഭാര്യക്കു വേണ്ടിയുള്ള സന്ദര്‍ശക വിസ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തുടര്നടപടികളിലാണെന്നാണ് മെട്രാഷില്‍ സന്ദേശം വന്നത്.” ഖത്തറില്‍ ഫോട്ടോഗ്രാഫറായി ജോലി നോക്കുന്ന ഇജാസ് മുഹമ്മദ് ‘ചന്ദ്രിക’യോട് പറഞ്ഞു.
ഖത്തര്‍ അംഗീകൃത വാക്സിനെടുത്തവരായിരിക്കണം അപേക്ഷകര്‍. രണ്ടാം വാക്സിന് പൂര്‍ത്തിയാക്കി 14 ദിവസം പിന്നിട്ടിരിക്കണം. 6 മാസത്തെ കാലാവധിയെങ്കിലും പാസ്പോര്ട്ടില് ആവശ്യമാണ്. ഓണ്‍ അറൈവല്‍ വിസയിലെത്തുന്നവര്‍ക്ക് ഖത്തറില്‍ തങ്ങുന്ന അത്ര കാലയളവിലുള്ള ഹോട്ടല്‍ ബുക്കിംഗ് വേണം. യാത്രയുടെ 12 മണിക്കൂര്‍ മുതല്‍ പരമാവധി 72 മണിക്കൂര്‍ വരെ മുമ്പെടുത്ത ആര്.ടി.പി.സി.ആര് പരിശോധനയിലൂടെയുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. www.ehteraz.gov.qa എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തില് നിന്ന് ലഭിക്കുന്ന യാത്രാ അനുമതി നേടിയിരിക്കണം. ഇതിന്റെ പ്രിന്റ് ഔട്ട് കയ്യില്‍ കരുതണം. 30 ദിവസത്തേക്ക് അനുവദിക്കുന്ന ഓണ്‍അറൈവല്‍ വിസ സാഹചര്യമനുസരിച്ച് ഒരു മാസത്തേക്ക് കൂടി നീട്ടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. കുടുംബ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ബുക്കിംഗ് ആവശ്യമില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയും ഭൂരിപക്ഷം പേരും വാക്സിന് സ്വീകരിക്കുകയും ചെയ്തതോടെയാണ് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ ആഭ്യന്തരമന്ത്രാലയം വിസ അനുവദിക്കാനുള്ള തീരുമാനത്തിലെത്തിയത്.