
ദോഹ: മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള ഓണ്‍ലൈന്‍ സേവനവുമായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്. വ്യക്തിഗത മെഡിക്കല്‍ വിവരങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി ലഭ്യമാക്കണമെന്ന ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് എച്ച്എംസി ഓണ്‍ലൈന്‍ പദ്ധതി ആരംഭിച്ചത്.
മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യമുള്ളവര്‍ വ്യക്തിഗതമായി ഓണ്‍ലൈന്‍ മുഖേനെ അപേക്ഷ നല്കിയാല് അവര്‍ക്കോ അവരുടെ ബന്ധപ്പെട്ടവര്‍ക്കോ ചികിത്സാ വിവരം ലഭ്യമാകും. നിശ്ചിത ഫീസ് അടച്ച് ആസ്പത്രി സന്ദര്‍ശിക്കാതെ മെഡിക്കല്‍ റിപ്പോര്‍ട്ട് സ്വന്തമാക്കാന്‍ സാധിക്കും.
ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്കാന് എച്ച്.എം.സി പ്രതിജ്ഞാബദ്ധമാണെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫിസര്‍ അലി അല്‍ ഖാതര്‍ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യാവശ്യങ്ങള്‍ ആധുനികവത്കരണം വഴി എളുപ്പത്തില്‍ ലഭ്യമാക്കുക എന്നത് ഖത്തര്‍ ദേശീയ വിഷന്‍ 2030ന്റെ താല്പര്യങ്ങളിലൊന്നായിരുന്നു.
രോഗികള്‍ക്ക് സൗകര്യപ്രദമാകുന്ന തരത്തില്‍ അവരുടെ പ്രയാസങ്ങള്‍ സാധ്യമായ വിധത്തിലെല്ലാം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എച്ച്.എം.സി. ഓണ്‍ലൈന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സംവിധാനം തങ്ങളുടെ രോഗികള്‍ക്കു നല്കുന്ന സുപ്രധാന സേവനമാണെന്നും അലി അല്‍ ഖാതര്‍ പറഞ്ഞു.
മെഡിക്കല്‍ റിപ്പോര്‍ട്ടു തേടി പ്രതിവര്‍ഷം എണ്‍പതിനായിരത്തിനും തൊണ്ണൂറായിരത്തിനും ഇടയില്‍ ആളുകള്‍ എച്ച് എം സി സന്ദര്‍ശിക്കാറുണ്ട്. ഇവരില്‍ ഏകദേശം അറുപതിനായിരത്തോളം പേരെ ഹമദ് ജനറല്‍ ഹോസ്പിറ്റലാണ് കൈകാര്യം ചെയ്യാറുള്ളത്. പുതിയ ഓണ്‍ലൈന്‍ സംവിധാനം വഴി ഈ സന്ദര്‍ശനം ഒഴിവാക്കാനാകും.
ഖത്തര്‍ നാഷനല്‍ ബാങ്കുമായി സഹകരിച്ച് സുരക്ഷിതമായ ഗെയ്റ്റ്വേയിലൂടെ ഓണ്‍ലൈന്‍ ഫീസ് അടയ്ക്കാന്‍ കഴിയും. സാധാരണ നിരക്കില്‍ ഫീസ് നല്കിയാല് ഖത്തര്‍ പോസ്റ്റ് തങ്ങളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് അവരുടെ വീട്ടുപടിക്കലെത്തിക്കും.
ഇപ്പോള്‍ ഈ സേവനം ഹമദ് ജനറല്‍ ഹോസ്പിറ്റലിലാണ് ലഭ്യമായിട്ടുള്ളത്. വൈകാതെ എച്ച് എം സിയുടെ കീഴിലുള്ള മറ്റ് ആസ്പത്രികളിലും ഓണ്‍ലൈന്‍ സൗകര്യം ലഭിക്കും.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആസ്പത്രി സന്ദര്‍ശനം പരിമിതപ്പെടുത്തുകയും നേരിട്ടു മെഡിക്കല്‍ റിപ്പോര്‍ട്ടു നല്‍കുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. ആവശ്യക്കാര്‍ നിരവധി ഉള്ളതുകൊണ്ടു തന്നെ മെഡിക്കല്‍ രേഖകള്‍ രോഗികള്‍ക്കു ലഭ്യമാക്കാനുള്ള സുരക്ഷിതമായ ബദല്‍ മാര്‍ഗങ്ങള്‍ അനിവാര്യമായിരുന്നതിനാലാണ് ഓണ്‍ലൈന്‍ സംവിധാനം ആവിഷ്കരിച്ചതെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനി വ്യക്തമാക്കി.