ദോഹ: കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുകയായിരുന്ന പ്രവാസി വ്യവസായിയും കോഴിക്കോട് പയ്യോളി അങ്ങാടി സ്വദേശിയുമായ ആയാണി മെഹബൂബ്(56) ദോഹയില്‍ നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഹമദ് ആസ്പത്രിയില്‍വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ക്വാറന്റൈനിലായിരുന്നു. കോവിഡിന്റെ ലക്ഷണങ്ങള്‍ കാര്യമായി ഉണ്ടായിരുന്നില്ല.
വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ ആസ്പത്രിയിലെത്തിച്ചു. എന്നാല്‍ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ദില്‍കുഷ് ആണ് ഭാര്യ. മക്കള്‍ സൊഹേബ്, മെഹ്‌സിന്‍. മൃതദേഹം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍. ഖത്തറിലെ ടെക്സ്റ്റാര്‍ സ്റ്റീല്‍ ആന്റ് അലൂമിനിയം, അമാന ഇന്‍ഷൂറന്‍സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. ഖത്തറില്‍ ഇന്‍ഷൂറന്‍സ് ബ്രോക്കറേജില്‍ ലൈസന്‍സ് ലഭിച്ച ആദ്യ മലയാളിയാണ്. സാമൂഹികമേഖലയിലും സജീവസാന്നിധ്യമായിരുന്നു.