
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം അടുത്തിടെ തുടങ്ങിയ മാനസികാരോഗ്യ ഹെല്‍പ്പ്‌ലൈനില്‍ ലഭിച്ചത് 3000 കോളുകള്‍. പൊതുജനങ്ങള്‍, ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ എന്നിവരില്‍ നിന്നാണ് ഇത്രയധികം കോളുകള്‍ ലഭിച്ചത്.
നിലവിലെ കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയുടെ ഫലമായി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ മാനസികാരോഗ്യ വിഭാഗമാണ് പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് പുതിയ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയത്. കുട്ടികള്‍, മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, പ്രായമേറിയവര്‍, ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ എന്നീ നാലു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇതിന്റെ പ്രയോജനം പ്രധാനമായും ലഭ്യമാക്കിയിരിക്കുന്നത്.
ഈ വിഭാഗങ്ങളില്‍നിന്നും വിളിക്കുന്നവര്‍ക്ക് വിലയിരുത്തലും പിന്തുണയും നല്‍കാന്‍ കഴിയുന്ന മാനസികാരോഗ്യ വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട ടീമിനെയാണ് ഹെല്‍പ്പ്‌ലൈനിലേക്ക് നിയോഗിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ ഉപദേശവും പരിചരണവും ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാവുന്ന ഒരു പിന്തുണാ ലൈന്‍ നല്‍കാനാണ് ഹെല്‍പ്പ്‌ലൈന്‍ ലക്ഷ്യമിടുന്നത്. എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ രാത്രി പത്തുവരെ സേവനം ലഭ്യമായിരിക്കും. പൊതുജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നതിന് ടോള്‍ഫ്രീ നമ്പരായ 16000ലേക്ക് വിളിക്കാം.
മാനസികാരോഗ്യ ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ക്കായി 16000ല്‍ വിളിച്ചശേഷം ഇംഗ്ലീഷിനായി രണ്ടും എച്ച്എംസി മെഡിക്കല്‍ സേവനങ്ങള്‍ക്കായി മൂന്നും അമര്‍ത്തുക. തുടര്‍ന്ന് മെഡിക്കല്‍ കണ്‍സള്‍ട്ടേഷനായി 1 അമര്‍ത്തുക. നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരായവരെയാണ് ഇവിടേക്ക് നിയോഗിച്ചിരിക്കുന്നത്.
ഒപ്പം വിളിക്കുന്നവരോടു അവര്‍ക്ക് താല്‍പര്യമുള്ള ഭാഷയില്‍ ആശയവിനിമയം നടത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും. സാധാരണ സാഹചര്യങ്ങളില്‍പ്പോലും പലരും ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമോ മാനസിക ക്ലേശങ്ങളോ അനുഭവിക്കേണ്ടിവരും. എന്നാല്‍ കോവിഡ് വ്യാപനവും അത് നമ്മുടെ ജീവിതത്തെ ബാധിക്കുന്നതും സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും പ്രധാന കാരണമാകും. ഈ പ്രയാസകരമായ കാലങ്ങള്‍ കടന്നുപോകുമെന്നും ജീവിതം സാധാരണ നിലയിലാകുമെന്നും ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്- മന്ത്രാലയം ചൂണ്ടിക്കാട്ടി.