
ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം അടുത്തിടെ തുടങ്ങിയ മാനസികാരോഗ്യ സേവനത്തിന്റെ പ്രയോജനം ലഭിച്ചത് ആയിരങ്ങള്‍ക്ക്. കോവിഡ് മഹാമാരിയുടെ ഫലമായി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ മാനസികാരോഗ്യ വിഭാഗമാണ് പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് പുതിയ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയത്.
ഏപ്രില്‍ എട്ടിനാണ് സേവനം തുടങ്ങിയത്. ഇതുവരെയായി 12,500ലധികം കോളുകളാണ് ഹെല്‍പ്പ്‌ലൈനിലേക്ക് ലഭിച്ചത്. ഫോണ്‍ വിളിച്ചവരില്‍ 90 ശതമാനം പേരും സേവനങ്ങളില്‍ സംതൃപ്തി അറിയിച്ചു. ഭാവിയിലും ഉപയോഗപ്പെടുത്താവുന്നതാണ് വീഡിയോ കണ്‍സള്‍ട്ടേഷന്‍ സാങ്കേതികവിദ്യയെന്ന് 91 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. രഹസ്യാത്മകത നിലനിര്‍ത്തിക്കൊണ്ട് മാനസികാരോഗ്യ വിദഗദ്ധനുമായി സംസാരിക്കാനുള്ള അവസരമാണ് ഹെല്‍പ്പ്‌ലൈന്‍ നല്‍കുന്നത്. 16000 എന്ന നമ്പരില്‍ ബന്ധപ്പെട്ട് ഈ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്താം. ഒട്ടേറെപേര്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് എച്ച്എംസിയിലെ മാനസികാരോഗ്യ സേവന വിഭാഗം ചെയര്‍മാന്‍ മാജിദ് അല്‍അബ്ദുല്ല പറഞ്ഞു. പൊതുജനങ്ങള്‍, ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം പ്രയോജനം ലഭിക്കുന്നുണ്ട്.
കോവിഡ് എല്ലാവരുടെയും ജീവിത രീതിയെ മാറ്റിമറിച്ചുവെന്നും നിരവധിപേര്‍ക്ക് സമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിക്കുന്നുണ്ടെന്നും വ്യക്തമാണ്. പ്രൊഫഷണല്‍ മാനസികാരോഗ്യ പിന്തുണയും ഉപദേശവും ജനങ്ങള്‍ക്ക് വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിനായാണ് ഹെല്‍പ്പ്‌ലൈന്‍. ഇതിന്റെ ഭാഗമായി മാനസികാരോഗ്യ വിദഗ്ധരുടെ ടീം ഇതിനകം ഒട്ടേറെ പേരെ പിന്തുണച്ചിട്ടുണ്ട്. കുട്ടികള്‍, മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, പ്രായമേറിയവര്‍, ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ എന്നീ നാലു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇതിന്റെ പ്രയോജനം പ്രധാനമായും ലഭ്യമാക്കിയിരിക്കുന്നത്.
ഈ വിഭാഗങ്ങളില്‍നിന്നും വിളിക്കുന്നവര്‍ക്ക് വിലയിരുത്തലും പിന്തുണയും നല്‍കാന്‍ കഴിയുന്ന മാനസികാരോഗ്യ വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട ടീമിനെയാണ് ഹെല്‍പ്പ്‌ലൈനിലേക്ക് നിയോഗിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ ഉപദേശവും പരിചരണവും ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാവുന്ന ഒരു പിന്തുണാ ലൈന്‍ നല്‍കാനാണ് ഹെല്‍പ്പ്‌ലൈന്‍ ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നതിന് ടോള്‍ഫ്രീ നമ്പരായ 16000ലേക്ക് വിളിക്കാം. മാനസികാരോഗ്യ ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ക്കായി 16000ല്‍ വിളിച്ചശേഷം ഇംഗ്ലീഷിനായി രണ്ടും എച്ച്എംസി മെഡിക്കല്‍ സേവനങ്ങള്‍ക്കായി മൂന്നും അമര്‍ത്തുക. തുടര്‍ന്ന് മെഡിക്കല്‍ കണ്‍സള്‍ട്ടേഷനായി 1 അമര്‍ത്തുക. നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരായവരെയാണ് ഇവിടേക്ക് നിയോഗിച്ചിരിക്കുന്നത്. ഒപ്പം വിളിക്കുന്നവരോടു അവര്‍ക്ക് താല്‍പര്യമുള്ള ഭാഷയില്‍ ആശയവിനിമയം നടത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും.