
ദോഹ: റദമാനില്‍ വിപുലമായ കാമ്പയിനുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി. ‘ഇത് പ്രതിഫലത്തില്‍ മികച്ചതും വലുതുമാണ്’ എന്ന പ്രമേയത്തിലാണ് കാമ്പയിന്. ഖത്തറിലും മറ്റു 22 രാജ്യങ്ങളിലായി 60 മില്ല്യണ്‍ റിയാലിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. റമദാന് ഇഫ്താര്‍ പദ്ധതികള്‍, ഇഫ്താര്‍ ഭക്ഷണം, ഭക്ഷണത്തിനുള്ള കൂപ്പണുകള്‍, ഭക്ഷ്യ ബാസ്ക്കറ്റുകള്‍, ഫിത്ര് സകാത്ത്, പെരുന്നാള്‍ വസ്ത്രം തുടങ്ങിയവ ലഭ്യമാക്കും. വൈവിധ്യമാര്‍ന്ന കാരുണ്യ, വികസന പദ്ധതികളും നടപ്പാക്കും. ക്യുആര്‍സിഎസ് ചീഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇബ്രാഹിം അബ്ദുല്ല അല്‍ മാലികിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. നന്മ ചെയ്യാനും ആവശ്യമുള്ളവരെ സഹായിക്കാനും എല്ലാവരേയും ക്ഷണിക്കുന്നുവെന്ന് അല്‍മാലികി പറഞ്ഞു. അല്ലാഹു ഉദാരമായി പ്രതിഫലം നല്കുന്ന കര്‍മ്മമാണ് കാരുണ്യപ്രവര്ത്തനങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു. കൊറോണ വൈറസ് മഹാമാരിയെ നേരിടാന്‍ ലോകം ബുദ്ധിമുട്ടുന്ന സമയത്താണ് റമദാന് കടന്നുവരുന്നത്. പല രാജ്യങ്ങളിലും പ്രയാസകരമായ അവസ്ഥയാണുള്ളത്. മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി. വ്യവസായങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന് ദരിദ്രര്‍ ദുരിതമനുഭവിക്കുന്നു. ഇപ്പോള്‍ അവര്‍ക്ക് വരുമാനമില്ല. അവരുടെ ജീവിതം തകര്‍ച്ചയുടെ വക്കിലാണ്. ആഗോള സമ്പദ്വ്യവസ്ഥ ആഴത്തിലുള്ള മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ ദുര്‍ബല ജനവിഭാഗങ്ങളെ സഹായിക്കുകയാണ് ക്യുആര്‍സിഎസ് ലക്ഷ്യമിടുന്നത്. ഫലസ്തീന്, യമന്‍, സുഡാന്, കിര്‍ഗിസ്ഥാന്‍, കൊസോവോ, മാലി, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, സൊമാലിയ, ബംഗ്ലാദേശ്, സിറിയ, ലബനാന്, ജോര്‍ദാന്‍, സെനഗല്‍, അല്‍ബേനിയ, ഇറാഖ്, എത്യോപ്യ, പാകിസ്ഥാന്, തുര്‍ക്കി, മൗറിത്താനിയ, നേപ്പാള്‍, ഫിലിപ്പീന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലായി 200ലധികം മാനുഷിക കാരുണ്യ പദ്ധതികളാണ് നടപ്പാക്കുന്നത്. ക്യുആര്‍സിഎസ് വിദൂര വികസനപദ്ധതികള്‍ നടപ്പാക്കും. ദാരിദ്ര്യവും പട്ടിണിയും പരിഹരിക്കുന്നതിന്റെ ഭാഗമായി അഭയാര്‍ഥികള്‍, പുനരധിവസിപ്പിക്കപ്പെട്ട ജനങ്ങള്‍, രോഗികള്‍, മുതിര്‍ന്ന വ്യക്തികള്‍, അംഗപരിമിതര്‍, കടബാധ്യതയുള്ളവര്‍ തുടങ്ങി രണ്ടരലക്ഷത്തിലധികം പേര്‍ക്ക് സഹായം ലഭ്യമാക്കും. 10,000 പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നല്കാന് മെഡിക്കല്‍ കോണ്‍വോയികളെ വിന്യസിക്കും. 150,000 പേര്‍ക്ക് പ്രയോജനപ്പെടുന്നവിധത്തില്‍ ജല കിണറുകള്‍ കുഴിക്കും. കൂടാതെ 120,000 പേര്‍ക്ക് പ്രയോജനപ്പെടുന്നവിധത്തില്‍ മലിനജല നിര്‍മാര്‍ജന സംവിധാനവും സ്ഥാപിക്കും. ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് ഉപജീവന, ഭക്ഷ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കും. 60,000ത്തോളം പേര്‍ക്ക് താമസിക്കാന്‍ പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കും. 300,000 പേര്‍ക്ക് ഭക്ഷ്യ ബാസ്ക്കറ്റുകള്‍ വിതരണം ചെയ്യും.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികളിലൂടെ 50,000 ഗുണഭോക്താക്കള്‍ക്ക് പ്രയോജനകരമാകും. ഖത്തറില്‍ ക്യുആര്‍സിഎസിന്റെ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസ് ഫണ്ടിലൂടെ 6,000 നിര്‍ധന കുടുംബങ്ങള്‍ക്കും 1500 തൊഴിലാളികള്‍ക്കും ഭക്ഷ്യ ബാസ്ക്കറ്റുകള്‍ വിതരണം ചെയ്യും. കൊറോണ വൈറസിന്റെ ഫലമായി അവരുടെ ജീവിതത്തിലുണ്ടാകുന്ന ആഘാതം ലഘൂകരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സാമൂഹിക അകലം പാലിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് അനുസൃതമായി ഭക്ഷ്യ വിതരണത്തില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
ഭക്ഷ്യസഹായത്തിന് 16002 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിക്കാം. റമദാനിലുടനീളം 20,000 ഭക്ഷ്യ ബാസ്ക്കറ്റുകള്‍ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ഷോപ്പിങ് സെന്ററുകള്‍ മുഖേന വിതരണം ചെയ്യും. ഇഫ്താര്‍ കൂടാരങ്ങള്ക്കുപകരം റെഡിമെയ്ഡ് ഭക്ഷണം മഗ്രിബ് സമയത്ത് തൊഴിലാളികള്‍ക്ക് കൈമാറും. ഇരട്ട റിവാര്‍ഡ് സംരംഭവും നടപ്പാക്കുന്നുണ്ട്. ഇതുപ്രകാരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യ ബാസ്ക്കറ്റുകള്‍ വാങ്ങി പാവപ്പെട്ട വ്യക്തികള്‍ക്ക് സംഭാവന ചെയ്യാം. ഭക്ഷ്യ ബാസ്ക്കറ്റിന്റെ മൂല്യത്തിന്റെ ഒരുഭാഗം മറ്റൊരു പാവപ്പെട്ട ഗുണഭോക്താവിന് ലഭിക്കും.