
ദോഹ: ദേശഭക്തിയും യുദ്ധവിരുദ്ധതയും പ്രമേയമാക്കി നാലു ഭാഷകളില്‍ കോര്‍ത്തിണക്കിയ ദേശീ രാഗ് എന്ന ഗാനം ശ്രദ്ധ നേടുന്നു. വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനു പേരാണ് ഈ ഗാനം ഇതിനോടകം വീക്ഷിച്ചത്. പ്രശസ്ത സിനിമാതാരം റഹ്മാനായിരുന്നു വീഡിയോ ആല്‍ബത്തിന്റെ ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് ഗാനം. പ്രശസ്ത ഗായകരായ അഫ്സല്‍, വൈഷ്ണവ് ഗിരീഷ്(ഇന്ത്യന്‍ ഐഡല്‍ ഫെയിം), ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവ് എന്നിവര്‍ക്കൊപ്പം ദോഹയില്‍ നിന്നുള്ള പ്രവാസി മലയാളി ബാലിക മെറില്‍ ആന്‍ മാത്യവും ഗാനം ആലപിച്ചിട്ടുണ്ട്. ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന 11 വയസുകാരി മെറില്‍ കണ്ണൂര്‍ ആലക്കോട് അറക്കല്‍ മനോജ് മാത്യു- നിഷ വര്‍ഗീസ് ദമ്പതികളുടെ മകളാണ്. പ്രശസ്ത സംഗീതാധ്യാപകരായ ശങ്കര്‍ ദാസിന്റെയും അഭിലാഷിന്റെയും കീഴില്‍ കര്‍ണാടിക്- വെസ്റ്റേണ്‍ സംഗീതം അഭ്യസിക്കുന്ന മെറില്‍ ആന്‍ മാത്യു നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും നേരത്തെ പാടിയിട്ടുണ്ട്. ദേശീ രാഗിന്റെ സംഗീത സംവിധാനം ഫായിസ് മുഹമ്മദാണ്. സംസ്ഥാന അവാര്‍ഡ് ജേതാവായ ചലച്ചിത്ര ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍, ഫൗസിയ അബൂബക്കര്‍, വല്ലവന്‍ അണ്ണാദുരൈ, ഷാജി ചുണ്ടന്‍ എന്നിവരുടേതാണ് വരികള്‍. ചലച്ചിത്രതാരം മഞ്ജുവാര്യരാണ് ആല്‍ബത്തിന്റെ അവതരണം നിര്‍വഹിച്ചിരിക്കുന്നത്. സൈനികര്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ഈ സംഗീത ആല്‍ബം. കോവിഡിന്റെ സാഹചര്യത്തില്‍ വിര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ആല്‍ബം തയാറാക്കിയിരിക്കുന്നത്. വീഡിയോ ആല്‍ബത്തിന്റെ ആശയവും സംവിധാനവും യൂസുഫ് ലെന്‍സ്മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്രിയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍. സെലെബ്രിഡ്ജ് ഇന്റര്‍നാഷണലാണ് നിര്‍മാതാക്കള്‍. മലയാളസിനിമയിലെ നിരവധി പ്രശസ്ത താരങ്ങള്‍ വീഡിയോ ആല്‍ബത്തിന്റെ പ്രചാരണത്തിനായി പിന്തുണക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ടിന് രാജ്യാന്തര അഹിംസാ ദിനത്തോടനുബന്ധിച്ച് ഇറങ്ങിയ ദേശഭക്തിഹാനം ഗാന്ധിജിയുടെ ഏറ്റവും വലിയ ആശയമായ അഹിംസയുടെ സന്ദേശത്തിലധിഷ്ഠിതമാണ്. മോഹന്‍ലാലിന്റെയും മഞ്ജുവാര്യരുടെയും ശബ്ദത്തിലൂടെയാണ് അവതരണം.