
ദോഹ: ഖത്തറിന്റെ ആകാശത്ത് ഇന്ന് ഉല്‍ക്കാവര്‍ഷം ദൃശ്യമാകും. ഖത്തര്‍ ഉള്‍പ്പടെ വടക്കന്‍ അര്‍ധഗോളത്തിലെ താമസക്കാര്‍ക്ക് എറ്റാ അക്വാറിഡ് ഉല്‍ക്കാവര്‍ഷം കാണാന്‍ അവസരമുണ്ടാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്(ക്യുസിഎച്ച്) അറിയിച്ചു.
ഇന്നു വൈകുന്നേരം മുതല്‍ നാളെ പുലര്‍ച്ചെ വരെ ഉല്‍ക്കാവര്‍ഷം വടക്കന്‍ അര്‍ധഗോളത്തിലെ ആകാശത്തെ പ്രകാശിപ്പിക്കും. ഉല്‍ക്കകള്‍ നിരീക്ഷിക്കുന്ന ജ്യോതിശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തില്‍ ഭൂമിയില്‍ നിന്ന് കാണാനാകുന്ന ഒരു പ്രധാന ഉല്‍ക്കാവര്‍ഷമാണ് എറ്റാ അക്വാറിഡ് ഉല്‍ക്കാവര്‍ഷം. മണിക്കൂറില്‍ 50 ഉല്‍ക്കകള്‍ വരെയാണ് താഴേയ്ക്കുവരിക. മാത്രമല്ല ഇത് സാധാരണയായി എല്ലാ വര്‍ഷവും ഏപ്രില്‍ 19 മുതല്‍ മെയ് 28വരെ സജീവമാണ്. ഇന്നു വൈകുന്നേരം മുതല്‍ നാളെ പുലര്‍ച്ചെവരെയായിരിക്കും ഏറ്റവും ഉന്നതിയിലെത്തുന്നതെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു. സാധാരണയായി ഉല്‍ക്കാവര്‍ഷം നിരീക്ഷിക്കുന്നതിന് ജ്യോതിശാസ്ത്ര ഉപകരണങ്ങള്‍ ആവശ്യമില്ല. ആകാശം തെളിഞ്ഞ നിലയിലാണെങ്കില്‍ ഖത്തര്‍ നിവാസികള്‍ക്കും എല്ലാ വടക്കന്‍ അര്‍ദ്ധഗോളത്തിലെ രാജ്യങ്ങള്‍ക്കും നഗ്‌നനേത്രങ്ങളാല്‍ എറ്റാ അക്വാറിഡ് ഉല്‍ക്കാവര്‍ഷം കാണാന്‍ കഴിയും. ഇന്ന് അര്‍ധരാത്രി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെവരെയുള്ള സമയങ്ങളില്‍ ആകാശത്തിന്റെ തെക്കു കിഴക്കന്‍ ചക്രവാളത്തില്‍ ഉല്‍ക്കാവര്‍ഷം ദൃശ്യമാകും. ഏറ്റവും നൂതന ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ച് എറ്റാ അക്വാറിഡ് ഉല്‍ക്കാവര്‍ഷത്തിന്റെ നല്ല ഫോട്ടോകള്‍ പകര്‍ത്താന്‍ കഴിയും. എന്നാല്‍ ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറയുടെ എക്‌സ്‌പോഷര്‍ സമയം വര്‍ധിപ്പിക്കേണ്ടതുണ്ട്- ഡോ.ബഷീര്‍ മര്‍സൂഖ് വിശദീകരിച്ചു. ഭൂമിയില്‍ ദൃശ്യമാകുന്ന ഒട്ടുമിക്ക ഉല്‍ക്കാപതനങ്ങളും വാല്‍നക്ഷത്രങ്ങളില്‍ നിന്നാണ്. ഹാലി ധൂമകേതുവില്‍നിന്നുള്ള അവശിഷ്ടങ്ങളില്‍നിന്നാണ് എറ്റാ അക്വാറിഡ് ഉല്‍ക്കാവര്‍ഷത്തിന്റെ സൃഷ്ടി. വെളിച്ചവും പരിസ്ഥിതി മലിനീകരണവുമില്ലാത്ത ഇരുണ്ട സ്ഥലത്തുനിന്നുകൊണ്ടായിരിക്കണം എറ്റാ അക്വാറിഡ് ഉല്‍ക്കാവര്‍ഷം നിരീക്ഷിക്കേണ്ടത്.