
ദോഹ: വെസ്റ്റ്ബാങ്കിന്റെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രാഈലിന്റെ പദ്ധതി നടപ്പാക്കിയാല്‍ അത് മുഴുവന്‍ പ്രദേശത്തിനും വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഖത്തര്‍ അത്തരം നീക്കങ്ങളെ നിരാകരിക്കന്നതായും ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.
രാഷ്ട്രീയ പ്രക്രിയയിലൂടെ ലിബിയന്‍ സംഘര്‍ഷം പരിഹരിക്കപ്പെടണം. യുഎസും താലിബാനും ഒപ്പുവെച്ച കരാറിന്റെ തുടര്‍ച്ചയായി അഫ്ഗാന്‍ അന്തര്‍ദേശീയ സംഭാഷണം ഉടന്‍ ആരംഭിക്കുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. കോവിഡ് -19നെ പോലുള്ള മഹാമാരികള്‍ക്കെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ഫ്രഞ്ച് പത്രമായ ലെ മോണ്ടെക്കു നല്‍കിയ അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചത്. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുന്നതായി ജൂലൈയില്‍ പ്രഖ്യാപനം നടത്താനുള്ള ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉദ്ദേശ്യം ഭാവിയില്‍ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനുള്ള ഏതൊരു പ്രതീക്ഷയെയും അടക്കം ചെയ്യുന്നതായിരിക്കുമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഖത്തര്‍ ഈ നടപടിയെ ശക്തമായി തള്ളിക്കളയുന്നു. ഈ നടപടിയെ ഞങ്ങള്‍ നിരസിക്കുന്നു. ഇത് സമാധാന പ്രക്രിയയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിക്കുന്നതിന് തുല്യമാണ്. ഈ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് ഭാവിയില്‍ സംഘര്‍ഷം പരിഹരിക്കാനുള്ള സാധ്യതകളെ മറയ്ക്കും.
മുഴുവന്‍ പ്രദേശത്തിനും സുരക്ഷാ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ വളരെ വിനാശകരമായിരിക്കും. പല രാജ്യങ്ങളും ഈ നിലപാട് പങ്കിടുന്നുണ്ട്. എന്നാല്‍ ഈ നിലപാട് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ വ്യക്തമായ കരാറുകളൊന്നും തങ്ങള്‍ കാണുന്നില്ല. ഇസ്രാഈല്‍ അധിനിവേശം പോലെ പഴയതാണിത്- വിദേശകാര്യമന്ത്രി പറഞ്ഞു. ലിബിയയിലെ ദേശീയ ഉടമ്പടി സേന്ക്കെതിരായ ട്രിപ്പോളി യുദ്ധത്തില്‍ പരാജയപ്പെട്ട റിട്ട.
ജനറല്‍ ഖലീഫ ഹഫ്താറിന്റെ വീഴ്ചയില്‍ നിന്ന് പഠിക്കാവുന്ന പാഠങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെ, 2015ലെ സിക്രീത്ത് കരാര്‍ മുതല്‍ ലിബിയയിലെ സംഘര്‍ഷം പരിഹരിക്കേണ്ടത് അട്ടിമറിയിലൂടെയും സൈനിക ആക്രമണത്തിലൂടെയുമല്ലെന്നും രാഷ്ട്രീയ പ്രക്രിയ്യയിലൂടെയായിരിക്കണമെന്നതുമാണ് ഖത്തറിന്റെ നിലപാടെന്ന് മന്ത്രി വിശദീകരിച്ചു. ഹഫ്താര്‍ എല്ലായിപ്പോഴും അക്രമത്തിനാണ് മുന്‍ഗണന നല്‍കിയതെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.