
ദോഹ: മീസൈമീര്‍ അഴിമുഖ ടണല്‍ പദ്ധതിയുടെ ഖനന പ്രവര്‍ത്തനങ്ങള്‍ 50 ശതമാനം പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍. ഉപരിതല, ഒഴുക്കുവെള്ളം പുറത്തേക്ക് കളയുന്നതിനുള്ള സ്ഥിരം പരിഹാരമായാണ് സംവിധാനം വികസിപ്പിക്കുന്നത്. അശ്ഗാലിലെ ഡ്രെയ്‌നേജ് നെറ്റ്വര്‍ക്ക്‌സ് പ്രൊജക്റ്റ് വകുപ്പിന്റെ നേതൃത്വത്തിലാണ് ടണലിന്റെ ഖനനത്തിനായുളള ടണല്‍ ബോറിങ് മെഷീന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. 3.7 മീറ്റര്‍ വ്യാസത്തില്‍ പത്തുകിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ടണല്‍ നിര്‍മിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ അഴിമുഖ ടണലുകളിലൊന്നാണിത്. പദ്ധതിയുടെ ആകെ ചെലവ് 920 മില്യണ്‍ റിയാലാണ് കണക്കാക്കുന്നത്.
പത്ത് പമ്പുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പടെ പമ്പിങ് സ്‌റ്റേഷന്റെ നിര്‍മാണമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ദക്ഷിണ ഭാഗത്ത് മീസൈമീര്‍ ടണലിന്റെ അവസാനത്തിലാണ് പമ്പിങ് സ്റ്റേഷന്‍. ഒരു സെക്കന്റില്‍ 19.7 ക്യുബിക് മീറ്ററാണ് പമ്പിങ് സ്റ്റേഷന്റെ സ്ഥാപിത ശേഷി. മീസൈമീര്‍ ടണലില്‍ നിന്നുള്ള വെള്ളം പുതിയ അഴിമുഖ ടണലിലേക്ക് പമ്പ് ചെയ്യുന്നതിനായാണ് പുതിയ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. മീസൈമീര്‍ ടണല്‍ 2016ല്‍ പൂര്‍ത്തിയായിരുന്നു. സമുദ്രപരിസ്ഥിതിയുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി ഡിസൈന്‍ ചെയ്തിരിക്കുന്നത്. പാരിസ്ഥിതിക വിലയിരുത്തല്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് വെള്ളം പമ്പ് ചെയ്ത് മാറ്റുന്നത്. സമുദ്രപരിസ്ഥിതിയെ ബാധിക്കാതിരിക്കാന്‍ ഓഫ്‌ഷോറില്‍ നിന്നും പത്തുകിലോമീറ്റര്‍ അകലെയാണ് പമ്പ് ചെയ്യുക. 2021ന്റെ നാലാം പാദത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കും. പരിപാലന-പ്രവര്‍ത്തന കാലാവധി മൂന്നുവര്‍ഷമാണ്. ഹമദ് ബിന്‍ ഖാലിദ് കോണ്‍ട്രാക്റ്റിങ് കമ്പനിയും പിഒആര്‍ആര്‍ ഖത്തര്‍ നിര്‍മാണകമ്പനിയും ഉള്‍പ്പെട്ട സംയുക്തസംരംഭത്തിനാണ് പദ്ധതിയുടെ നിര്‍മാണചുമതല. പദ്ധതി പരിപാലന നിര്‍വഹണ സേവന ഉത്തരവാദിത്വം മോട്ട് മക്‌ഡൊണാള്‍ഡ് ലിമിറ്റഡിനാണ്. പദ്ധതിയുടെ ഡിസൈന്‍, നടപ്പാക്കല്‍, പ്രവര്‍ത്തനം ഈ കമ്പനി നിരീക്ഷിക്കും. മിസൈമീര്‍ ഉപരിതല- ഭൂഗര്‍ഭ അഴുക്കുചാല്‍(സര്‍ഫസ് ആന്‍ഡ് ഗ്രൗണ്ട് വാട്ടര്‍ ഡ്രെയിനേജ്്)പദ്ധതിയുടെ രണ്ടാംഘട്ടമാണ് മീസൈമീര്‍ പമ്പ് സ്റ്റേഷനും അഴിമുഖ ടണലും. എഫ് റിങ് റോഡിന് അടിയിലൂടെയാണ് ടണല്‍ കടന്നു പോകുന്നത്. തുമാമയില്‍ നിന്ന് പടിഞ്ഞാറേക്ക് 5.4 കിലോമീറ്ററും കിഴക്കോട്ട് 4.3 കിലോമീറ്ററുമാണ് ടണല്‍ നിര്‍മാണം. ഹമദ് വിമാനത്താവളത്തിനു ഒരു കിലോമീറ്റര്‍ സമീപത്തായി പുതിയ പമ്പിങ് സ്റ്റേഷന്‍ നിര്‍മിച്ച് ടണലുമായി ബന്ധിപ്പിച്ചു വെള്ളം കടലിലേക്കു പമ്പു ചെയ്തു കളയുന്നതാണ് പദ്ധതി.
മുപ്പത് മീറ്ററാണ് ആഴം. പദ്ധതിയുടെ ഭാഗമായ പ്രധാന ടണലിലെ പമ്പിങ് സ്റ്റേഷനുമായി ബന്ധിപ്പിച്ച് ഒരു സെക്കന്‍ഡില്‍ 19 ക്യുബിക് മീറ്റര്‍ വെള്ളം കൈകാര്യം ചെയ്യാനുള്ള ശേഷിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാന ടണല്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ നിലവിലെ ഡ്രെയിനേജ് സംവിധാനവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഏകദേശം 170സ്‌ക്വയര്‍കിലോമീറ്റര്‍ ഭാഗങ്ങളിലെ ഉപരിതലജലം ഇത്തരത്തില്‍ പ്രധാന ടണലിലൂടെ കൊണ്ടുപോകാനാകും. ഈ രീതിയില്‍ വിവിധ തലങ്ങളിലായി സംഭരിക്കുന്ന വെള്ളം തീരപ്രദേശത്തുനിന്നും കിലോമീറ്ററുകളോളം അകലെ കടലില്‍ ഒഴുക്കിക്കളയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മിസൈമീറിലെ ടണല്‍ നിര്‍മ്മാണ പ്രോജക്ട് ഡ്രെയിനേജ് നെറ്റ്‌വര്‍ക്ക് മേഖലയിലെ വന്‍കിട പദ്ധതികളിലൊന്നാണ്. അശ്ഗാല്‍ ഏറ്റെടുത്തു നടപ്പാക്കുന്ന പദ്ധതികളില്‍ ഏറ്റവും പ്രമുഖമായതെന്ന പ്രത്യേകതയുമുണ്ട്. ദോഹയിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അശ്ഗാലിന്റെ വിപുല പദ്ധതിയുടെ ഭാഗമായാണ് മിസൈമീര്‍ പദ്ധതി.