
ദോഹ: കോവിഡ്19 രോഗ ബാധയില്‍ നിന്ന് മോചിതരായ രണ്ടു യുവാക്കളുടെ പുഞ്ചിരിക്കുന്ന മുഖമാണ് ഇന്നലെ ഹമദ് ആംബുലേറ്ററി കെയര്‍ സെന്ററിലെത്തിയപ്പോള്‍ ഖത്തര്‍ ആരോഗ്യമന്ത്രി ഡോ.ഹനാന്‍ അല്‍കുവാരിക്ക് കാണാനായത്. നാല്‍പ്പതുകാരനായ ഖത്തരി ഫൈസല്‍ അല്‍അത്ബ, 39 വയസു പ്രായമുള്ള ഫിലിപ്പിനോ ബാങ്ക് ജീവനക്കാരന്‍ ജുവാന്‍ മിക്കാവു, രണ്ടു പേരും ഹാപ്പി. സന്തോഷത്തോടെ അവര്‍ രോഗം വന്നതും ചികിത്സാ രീതിയും പങ്കുവെച്ചു. കോവിഡ് രോഗികളെ സുഖപ്പെടുത്തുന്നതിനായി ബ്ലഡ് പ്ലാസ്മ നല്‍കിയ ആദ്യത്തെ രോഗികളിലൊരാളാണ് അല്‍അത്ബ. സിഡിസിയില്‍ തനിക്കു ലഭിച്ചത് മികച്ച പരിചരണമായിരുന്നുവെന്ന് അദ്ദേഹം മന്ത്രിയോട് പറഞ്ഞു.
കോവിഡ് മുക്തരായ രോഗികളില്‍നിന്നും പ്ലാസ്മ ശേഖരിച്ച് ചികിത്സയിലിരിക്കുന് രോഗികളില്‍ ഉപയോഗപ്പെടുത്തുന്ന സേവനത്തെയും അദ്ദേഹം പ്രശംസിച്ചു. സുഖംപ്രാപിച്ച രോഗിയുടെ പ്ലാസ്മയിലടങ്ങിയിരിക്കുന്ന ആന്റിബോഡി ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് അവരുടെ പ്രതിരോധവും വൈറസില്‍ നിന്നുള്ള വീണ്ടെടുക്കലും മെച്ചപ്പെടുത്താന്‍ സഹായിക്കും. മാര്‍ച്ച് ആദ്യം ഫിലിപ്പൈനില്‍ അവധിക്കായി പോയസമയത്തായിരിക്കാം കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നതെന്ന് മിക്കാവു പറഞ്ഞു. മാര്‍ച്ച് 11ന് ഖത്തറില്‍ മടങ്ങിയെത്തിയശേഷം തൊണ്ടവേദന, ചുമ ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. തൊഴിലുടമയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കോവിഡ് പരിശോധനക്കായി അല്‍ഖോര്‍ ആസ്പത്രിയിലേക്ക് പോകുകയായിരുന്നു. പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സക്കും നിരീക്ഷണത്തിനുമായി ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടാഴ്ചയോളം ആസ്പത്രിയില്‍ കഴിയുകയും മാര്‍ച്ച് 29ന് ഡിസ്ചാര്‍ജ് ആവുകയുമായിരുന്നു. രോഗം സുഖപ്പെട്ട ഇവരുമായി ദീര്‍ഘനേരം സംസാരിച്ച് ഏറെ സംതൃപ്തിയോടെയാണ് മന്ത്രി തിരിച്ചുപോന്നത്. ഖത്തറില്‍ കോവിഡ് മുക്തരായ 406 പേരിലുള്‍പ്പെടുന്നവരാണ് ഇരുവരും. സുഖംപ്രാപിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്.