
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാംഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി കര്‍ശന മുന്‍കരുതല്‍ പ്രതിരോധ നടപടികള്‍ക്കനുസൃതമായി ഇന്നു മുതല്‍ ജിംനേഷ്യങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം പ്രസിദ്ധീകരിച്ചു. എല്ലാ ജിംനേഷ്യങ്ങളും പൊതുജനാരോഗ്യ മന്ത്രാലയവും ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയവും വ്യക്തമാക്കിയ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കണം. എത്തിച്ചേരുമ്പോള്‍തന്നെ എല്ലാ ഉപഭോക്താക്കളുടെയും ശരീരതാപനില പരിശോധിക്കണം. താപനില 38 ഡിഗ്രി സെല്‍ഷ്യല്‍സില്‍ കൂടുതലുളള വ്യക്തികള്‍ക്ക് പ്രവേശനം നിഷേധിക്കാം. ഇഹ്തിറാസ് ആപ്പില്‍ കളര്‍കോഡ് പച്ചയാണെങ്കില്‍ മാത്രമെ പ്രവേശനം അനുവദിക്കാവൂ. പന്ത്രണ്ട് വയസില്‍ താഴെയുള്ളവര്‍ക്കും ജിമ്മില്‍ പ്രവേശനമുണ്ടായിരിക്കില്ല. ഉപഭോക്താക്കള്‍ സ്വന്തമായി ടവലുകള്‍, വ്യക്തിഗത ശുചിത്വകിറ്റുകള്‍, കുടിവെള്ള ബോട്ടിലുകള്‍ എന്നിവ കൊണ്ടുവരണം. അവ മറ്റാരുമായും പങ്കുവെക്കരുത്. കുടുംബാംഗങ്ങള്‍ ഒഴികെ ജീവനക്കാരും ഉപഭോക്താക്കളും പരസ്പരം രണ്ടു മീറ്ററില്‍ കുറയാത്ത സുരക്ഷിത അകലം നിലനിര്‍ത്തണം. ഓരോ ഫിറ്റ്‌നസ് പരിശീലകനും ചുറ്റുമുള്ള പ്രദേശം കുറഞ്ഞത് ഒന്‍പത് ചതുരശ്ര മീറ്ററായിരിക്കണം. ജിംനേഷ്യങ്ങളുടെ ആകെ ശേഷിയുടെ 50ശതമാനമായി പ്രവര്‍ത്തനം പരിമിതപ്പെടുത്തണം. ഫിറ്റ്‌നസ് സെഷനുകളില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനിലോ ഫോണിലോ പ്രീ-ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ജിമ്മിലെ ജീവനക്കാരെയും പരിശീലകരെയും പതിവായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.
60 വയസും അതില്‍ കൂടുതലുമുള്ള ജീവനക്കാര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികള്‍ തുടങ്ങിയവര്‍ വിദൂരമായി പ്രവര്‍ത്തിക്കണം. എല്ലാ ജിം സൗകര്യങ്ങളിലും സ്‌റ്റെറൈല്‍ വൈപ്പുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, സോപ്പ് എന്നിവ ഉറപ്പാക്കണം. ചൂടാക്കല്‍(ഹീറ്റിങ്), വെന്റിലേഷന്‍, എയര്‍കണ്ടീഷനിങ്(എച്ച്‌വിഎസി) സംവിധാനങ്ങള്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായിട്ടായിരിക്കണം. ജിം തുറക്കുന്നതിന് മുമ്പായി ദിവസേന ശുചിത്വം ഉറപ്പാക്കണം. സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ഉപകരണങ്ങള്‍ എന്നിവയെല്ലാം വൃത്തിയായിരിക്കണം.ഓരോ രണ്ട് മണിക്കൂറിലും ഉപകരണങ്ങള്‍ അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യണം. ജിമ്മിലെ എല്ലാ നിലകളിലും സുരക്ഷിത അകലം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ പതിപ്പിച്ചിരിക്കണം. റിസപ്ഷന്‍ സ്ഥലത്തുവെച്ചായിരിക്കണം ഉപഭോക്താക്കള്‍ക്ക് ലോക്കര്‍ താക്കോലുകള്‍ നല്‍കേണ്ടത്. കൈമാറുമ്പോഴും തിരികെ സ്വീകരിക്കുമ്പോവും അവര്‍ക്കു കൂടി കാണാവുന്ന വിധത്തില്‍ താക്കോലുകള്‍ വൃത്തിയാക്കണം. ഭരണനിര്‍വഹണ ഓഫീസുകള്‍, വെയര്‍ഹൗസുകള്‍, ജീവനക്കാരുടെ താമസസൗകര്യം, ഗതാഗത സൗകര്യങ്ങള്‍ എന്നിവയുള്‍പ്പടെ എല്ലാ ജിം സൗകര്യങ്ങളിലും തുടര്‍ച്ചയായ ശുചിത്വം ഉറപ്പാക്കണം.