in

ഈദുല്‍ അദ്ഹ: പൊതുശുചിത്വം ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പയിനുമായി മന്ത്രാലയം

ദോഹ: ഈദുല്‍ അദ്ഹയുമായി ബന്ധപ്പെട്ട് രാജ്യത്ത് പൊതുശുചിത്വം ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതികളുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. പാര്‍ക്കുകള്‍ ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കും. മന്ത്രാലയത്തിലെ പൊതുശുചിത്വ വകുപ്പാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍, കോള്‍ സെന്റര്‍ എന്നിവ മുഖേന സഹായം തേടുന്നവര്‍ക്ക് എല്ലാ പിന്തുണയും ലഭ്യമാക്കും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനും മേല്‍നോട്ടം നടത്തുന്നതിനും പ്രത്യേക ടീമുകളെ നിയോഗിക്കുന്നുണ്ട്. ഇതിനായി പ്രത്യേക പദ്ധതി തന്നെ സജ്ജമാക്കിയിട്ടുണ്ട്. കോര്‍ണീഷ്, പൊതുപാര്‍ക്കുകള്‍, പിക്‌നിക് സ്ഥലങ്ങള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവ ശുചീകരിക്കുന്നതിനും മേല്‍നോട്ട നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക ടീമുകളെ നിയോഗിക്കും. ബീച്ചുകളിലും തിരക്കേറുന്ന മറ്റു സ്ഥലങ്ങളിലും കൂടുതല്‍ ഗാര്‍ബേജ് ബിന്നുകള്‍ സ്ഥാപിക്കും.
ഈദുല്‍അദ്ഹ അവധിദിനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവുംമികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ലളിതവും സുഗമവുമാക്കുന്നതിനാണ് പ്രത്യേക പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. രാജ്യത്തൊട്ടാകെ നഗരങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ പ്രദേശങ്ങളില്‍ സമയബന്ധിതമായി മാലിന്യങ്ങള്‍ നീക്കംചെയ്യും. 24 മണിക്കൂറും ശുചീകരണപ്രവര്‍ത്തനങ്ങളുണ്ടാകും.
എല്ലാ മേഖലകളെയും കവര്‍ ചെയ്യുന്നതിനായി ഫീല്‍ഡ് ടീമുകളെ വിന്യസിക്കുന്നുണ്ട്. സന്ദര്‍ശകര്‍ കൂടുതലായെത്തുന്ന കോര്‍ണീഷ്, പൊതുപാര്‍ക്കുകള്‍, പിക്‌നിക് സ്ഥലങ്ങള്‍, ബീച്ചുകള്‍, സെന്‍ട്രല്‍മാര്‍ക്കറ്റ്, അറവുശാലകള്‍ ഉള്‍പ്പടെയുള്ള പൊതുസ്ഥലങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ജനങ്ങള്‍ ധാരാളമായെത്തുന്നതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ മാലിന്യങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഈ കേന്ദ്രങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നത്. അതേസമയം സാധാരണയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമുണ്ടാകില്ല. അവ നിലവിലുള്ളതുപോലെ തുടരും.
അറക്കുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഉടന്‍തന്നെ നീക്കം ചെയ്യും. ഇവ അധികസമയം അറവുശാലകളിലെ ഗാര്‍ബേജ് ബിന്നുകളില്‍ സൂക്ഷിക്കില്ല. ആരോഗ്യ ശുചിത്വ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇവ വേഗത്തില്‍ നീക്കം ചെയ്യുന്നത്.
തുറസായ സ്ഥലങ്ങളിലും ഗ്രൗണ്ടുകളിലും ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ നീക്കം ചെയ്യും.ചിലരെങ്കിലും അറവുമൃഗങ്ങളെ വീടുകളില്‍ അറുത്തശേഷം മാലിന്യങ്ങള്‍ ഗാര്‍ബേജ് ബിന്നില്‍ നിക്ഷേപിക്കാറുണ്ട്. ഈ സാഹചര്യം നിരീക്ഷിക്കുന്നതിനും അത്തരം മാലിന്യങ്ങള്‍ എത്രയും വേഗത്തില്‍ നീക്കം ചെയ്യുന്നതിനും പ്രത്യേക ടീമിനെ നിയോഗിക്കും. അതേസമയം മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമെ അവ പുറന്തള്ളാന്‍ പാടുള്ളു എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീച്ചുകളില്‍ ഉള്‍പ്പടെ മാലിന്യങ്ങള്‍ ഗാര്‍ബേജ് ബിന്നില്‍ മാത്രമെ നിക്ഷേപിക്കാവു. താല്‍ക്കാലികമായി അടച്ച റോഡുകളിലേക്കുപോലും ആവശ്യമെങ്കില്‍ മാലിന്യങ്ങള്‍ നീക്കാന്‍ വാഹനങ്ങള്‍ എത്തിക്കും. അവശ്യ ഉപകരണങ്ങളോടെ എമര്‍ജന്‍സി ടീമിനെയും സജ്ജമാക്കുന്നുണ്ട്. പൊതു ശുചീകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കും. ശുചിത്വം ഉറപ്പാക്കാന്‍ സ്വദേശികളും പ്രവാസികളും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ചുപ്രവര്‍ത്തിക്കും.

കത്താറയില്‍ പരിപാടികള്‍

ദോഹ: കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സവിശേഷമായ രീതിയില്‍ ഈദുല്‍ അദ്ഹ ആഘോഷങ്ങളുമായി കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍.
ഈദിന്റെ നാലു ദിവസങ്ങളിലുടനീളം വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളും കത്താറയില്‍ അരങ്ങേറും. ഈദ് ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതുവരെ കത്താറയില്‍ ഡ്രൈവ് ത്രൂ സംവിധാനത്തിലൂടെ സമ്മാനവിതരണം നടക്കും. കോവിഡ് പടരാതിരിക്കാന്‍ ഖത്തര്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ക്കനുസൃതമായാണ് ഡ്രൈവ് ത്രൂ സമ്മാനവിതരണം. കോവിഡിനെ പ്രതിരോധിക്കുന്നതിനായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ചുവര്‍ചിത്രവും കത്താറ പുറത്തിറക്കും. പന്ത്രണ്ട് കലാകാരന്‍മാര്‍ രൂപകല്‍പ്പന ചെയ്ത ഈ കൂറ്റന്‍ കലാസൃഷ്ടി കത്താറയുടെ ദക്ഷിണഭാഗത്തായി പ്രവേശനകവാടത്തിലാണ് സജ്ജമാക്കുന്നത്. സാധാരണ ഈദ് അവധിദിനങ്ങളില്‍ കത്താറയില്‍ ഏറ്റവുമധികം ശ്രദ്ധനേടുന്നത് വര്‍ണവിസ്മയങ്ങള്‍ തീര്‍ക്കുന്ന വെടിക്കെട്ടാണ്.
നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ ഈദുല്‍ഫിതറിലേതിനു സമാനമായി കത്താറയുടെ വെബ്‌സൈറ്റിലൂടെ വിര്‍ച്വല്‍ വെടിക്കെട്ടായിരിക്കും ഇത്തവണയുണ്ടാകുക. ഈദ് വേളയില്‍ ഏറ്റവും മനഹരമായ കുട്ടികളുടെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ഫോട്ടോകളോ വീഡിയോകളോ അയ്ച്ചുനല്‍കുകയാണ് വേണ്ടത്. ഫോട്ടോയോ വീഡിയോയോ ഉയര്‍ന്ന നിലവാരത്തില്‍ റെസലൂഷനില്‍ ആയിരിക്കണം.മത്സരങ്ങളില്‍ വിജയികളാകുന്ന അഞ്ചുപേര്‍ക്ക് സമ്മാനങ്ങളുണ്ടാകും.
സമ്മാനത്തിനര്‍ഹമാകുന്ന ഫോട്ടോകളുടെയോ വീഡിയോകളുടെയോ പകര്‍പ്പവകാശം കത്താറയുടെ സ്വത്തായിരിക്കും. മാത്രമല്ല ഏത് ആവശ്യത്തിനും ഇത് ഉപയോഗിക്കാന്‍ കത്താറക്ക് അവകാശമുണ്ടായിരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

2022ലെ ഡബ്ല്യു എ എസ് എം കോണ്‍ഗ്രസ് ഖത്തറില്‍

അമീര്‍ യുഎസ് ഉന്നത ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തി