
ദോഹ: മണി എക്‌സ്‌ചേഞ്ചുകള്‍ക്കു മുന്നില്‍ ജനങ്ങളുടെ വലിയതിരക്കെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. ചില എക്‌സ്‌ചേഞ്ചുകള്‍ക്കു മുന്നില്‍ ജനങ്ങള്‍ തിങ്ങിക്കൂടിനില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടച്ചിട്ട എക്‌സ്‌ചേഞ്ചുകള്‍ നിബന്ധനകളോടെ തുറക്കാന്‍ കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് തിരക്കിന്റെ ചിത്രങ്ങള്‍ പ്രചരിക്കപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ തിങ്ങിനില്‍ക്കുന്ന ചിത്രങ്ങള്‍ തെറ്റാണ്. ആ ചിത്രങ്ങള്‍ പഴയതാണ്. എക്‌സ്‌ചേഞ്ചുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചതോടെ പഴയ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക ഉറവിടങ്ങളില്‍നിന്നുള്ള വിവരങ്ങളെയാണ് ആശ്രയിക്കേണ്ടതെന്നും ഫോട്ടോകളുടെയും വിവരങ്ങളുടെയും കൃത്യത പരിശോധിക്കണമെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.