Thursday, October 22ESTD 1934

ഗതാഗത സുരക്ഷ: ആഭ്യന്തര മന്ത്രാലയം വിര്‍ച്വല്‍ സെമിനാര്‍ സംഘടിപ്പിച്ചു

ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വിര്‍ച്വല്‍ സെമിനാറില്‍ നിന്ന്‌

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഗതാഗത ജനറല്‍ ഡയറക്ടറേറ്റുമായി ചേര്‍ന്ന് ഗതാഗത സുരക്ഷയെക്കുറിച്ചുള്ള പ്രഥമ വിര്‍ച്വല്‍ സെമിനാര്‍ സംഘടിപ്പിച്ചു. സൂം വീഡിയോ കോണ്‍ഫറന്‍സിംഗ് അപ്ലിക്കേഷന്‍ മുഖേനയായിരുന്നു സമ്മേളനം. കമ്പനികളിലെയും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെയും ഗതാഗത സുരക്ഷയുടെ ഉത്തരവാദിത്വമുള്ളവരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തമുണ്ടായിരുന്നു.
ഗതാഗത ബോധവല്‍ക്കരണ വിഭാഗം, ലൈസന്‍സിങ് കാര്യ വകുപ്പ്, ഗതാഗത പട്രോളിങ്, ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ട്രാഫിക് എന്‍ജിനീയറിങ് സുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഗതാഗത സുരക്ഷാ ഓഫീസര്‍ ഫസ്റ്റ് ലെഫ്റ്റനന്റ് അഹമ്മദ് ബിന്‍ ഹമദ് അല്‍താനി അധ്യക്ഷനായിരുന്നു.
വാഹന നീക്കം നിയന്ത്രിക്കുന്നതലും അപകടങ്ങള്‍ കുറക്കുന്നതിലും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ നിയന്ത്രിക്കുന്നതിലും ഗതാഗത ഉദ്യോഗസ്ഥരുടെ ചുമതലകളെക്കുറിച്ച് ക്യാപ്റ്റന്‍ സഊദ് അബ്ദുല്ല അല്‍ഹമദ് വിശദീകരിച്ചു. ഗതാഗത വഴിതിരിച്ചുവിടലുകള്‍ക്കു പുറമെ റോഡ് അടക്കലുമായി ബന്ധപ്പെട്ട് പെര്‍മിറ്റ് അനുവദിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
റോഡുകളിലെ ഗതാഗതം നിയന്ത്രിക്കുന്നതിലും ഓരോ റോഡിനും വ്യക്തമാക്കിയ വേഗത കവിയുന്നത് തടയുന്നതിലും റഡാറുകളുടെ സാന്നിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. റോഡുകളിലെ റഡാറുകളുടെ സ്ഥാനം, ഓരോ റോഡിനും നിര്‍ദ്ദിഷ്ടമാക്കിയിരിക്കുന്ന വേഗത എന്നിവയെക്കുറിച്ചും സംസാരിച്ചു. റോഡുകളില്‍ വാഹനനീക്കം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ട്രാഫിക് പട്രോളിംഗ് വഹിക്കുന്ന പങ്ക് പട്രോളിംഗ് ആന്‍ഡ് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ ക്യാപ്റ്റന്‍ ഹമദ് താലിബ് അല്‍മര്‍റി വിശദീകരിച്ചു. കോവിഡ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ വെളിച്ചത്തില്‍, റോഡ് ഉപയോക്താക്കള്‍ അധികൃതരുടെ മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ട്രാഫിക് പട്രോളിംഗ് നടപടികളെടുക്കുന്നുണ്ട്. ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഗതാഗത കുറ്റകൃത്യങ്ങള്‍ ഒഴിവാക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. റോഡുസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഗതാഗത ബോധവല്‍ക്കരണ വിഭാഗത്തിലെ ക്യാപ്റ്റന്‍ അബ്ദുല്‍ വാഹിദ് ഗാരിബ് അല്‍അനസി വിശദീകരിച്ചു. ലെഫ്റ്റനന്റ് യൂസുഫ് ഫഹദ് അല്‍അലിയുടെ അവതരണത്തോടെയാണ് പരിപാടി സമാപിച്ചത്. വിര്‍ച്വല്‍ സെമിനാര്‍ പങ്കെടുക്കുന്നവര്‍ക്ക് ഗതാഗത ജനറല്‍ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുമായി സംവദിക്കാനും വകുപ്പിന്റെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാനും അവസരം നല്‍കിയിരുന്നു.

error: Content is protected !!