
ദോഹ: കൊറോണ വൈറസു മായി ബന്ധപ്പെട്ട് ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ ബോധവത്കരണ കാമ്പയിന് മികച്ച പ്രതികരണം. അല്‍ വെയ് എന്ന തലക്കെട്ടില്‍ തുടരുന്ന കാമ്പയിനില്‍ ഇതുവരെ 2,71,174 തൊഴിലാളികളെ ബോധവത്കരിക്കാനായതായി മന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ അഞ്ചു മുതല്‍ 22വരെ നടന്ന കാമ്പയിനില്‍ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും കോവിഡ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധനടപടികളെക്കുറിച്ച് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമിടയില്‍ അവബോധം സൃഷ്ടിച്ചു. കാമ്പയിന്‍ ടീം 4,151 ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തി. അവബോധം വളര്‍ത്തുന്നതിനായി തൊഴിലാളികള്‍ക്ക് ആറു വ്യത്യസ്ത ഭാഷകളിലായി 88,000 ബ്രോഷറുകള്‍ വിതരണം ചെയ്തു. തൊഴിലുടമകള്‍ക്ക് 5,72,754 ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എസ്എംഎസ് മുഖേന അയച്ചു. മുനിസിപ്പാലിറ്റികളിലുടനീളം പല മേഖലകളിലും കാമ്പയിന്‍ നടത്തി. അല്‍ദായെന്‍ മുനിസിപ്പാലിറ്റി, അല്‍ഖോര്‍ ദഖീറ മുനിസിപ്പാലിറ്റി, ഉംസലാല്‍ മുനിസിപ്പാലിറ്റി, അല്‍ശമാല്‍ മുനിസിപ്പാലിറ്റി എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ 608 ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തി. 44,809 തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിച്ചു. ദോഹ മുനിസിപ്പാലിറ്റിയില്‍ 1912 ഫീല്‍ഡ് സന്ദര്‍ശനങ്ങളിലൂടെ 1,14,107 തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്തി. അല്‍വഖ്‌റ മുനിസിപ്പാലിറ്റിയില്‍ 301 ഫീല്‍ഡ് സന്ദര്‍ശനങ്ങളിലൂടെ 23,478 പേര്‍ക്ക് പ്രയോജനം ലഭിച്ചു.