
ദോഹ: മറ്റു പല രാജ്യങ്ങളിലേതു പോലെ ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറിലെ കോവിഡ് സാഹചര്യം സുസ്ഥിരമാണ്. കഴിഞ്ഞയാഴ്ച കോവിഡ് കേസുകളുടെ കാര്യത്തില്‍ തൊട്ടുമുന്‍പത്തെ ആഴ്ചയുമായി താരതമ്യം ചെയ്താല്‍ 15 ശതമാനത്തിന്റെ കുറവുണ്ടായി. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ദേശീയ കര്‍മപദ്ധതി ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ടെക്‌സാസ് എ ആന്റ് എം യൂണിവേഴ്‌സിറ്റിയില്‍ പൊതു സെമിനാര്‍ സീരിസില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മെയ് അവസാനത്തിലും ജൂണ്‍ ആദ്യത്തിലും ഖത്തറില്‍ കേസുകളുടെ എണ്ണത്തില്‍ അതിവേഗ വര്‍ധനവുണ്ടായിരുന്നു. ആ ഘട്ടത്തില്‍ ഒരു ദിവസം 2000ലധികം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി. സാമൂഹിക ഒത്തുചേരലുകള്‍ കാരണമായി ഈദുല്‍ അദ്ഹക്കുശേഷം ഖത്തരികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമിടയിലും കോവിഡ് തരംഗമുണ്ടായി. ഈദിന്റെ അവസാനത്തോടെ കേസുകളുടെ എണ്ണം 1859ലേക്കെത്തി. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി കേസുകള്‍ കുറയുന്നുണ്ടെന്നും ഡോ.അല്‍ഖാല്‍ പറഞ്ഞു. കോവിഡ് മഹാമാരിയോട് ഖത്തറിന്റെ പ്രതികരണം പഠിച്ച പാഠങ്ങള്‍ എന്ന പ്രമേയത്തിലായിരുന്നു സെമിനാര്‍. ഫെബ്രുവരി 28നാണ് ഖത്തറില്‍ ആദ്യത്തെ കോവിഡ് സ്ഥിരീകരിക്കുന്നത്. ഇറാനില്‍ നിന്നും മടങ്ങിയെത്തിയ ഖത്തരി യുവാവിനായിരുന്നു ആദ്യം രോഗം കണ്ടെത്തിയത്. കമ്യൂണിറ്റിയില്‍ ആദ്യ കേസ് സ്ഥിരീകരിക്കുന്നത് മാര്‍ച്ച് എട്ടിനായിരുന്നു. ഖത്തറിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പൊതുജനാരോഗ്യ നടപടികള്‍ ഉള്‍പ്പടെയുള്ളവ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച നിയന്ത്രണങ്ങളും മുന്‍കരുതലും പൊതുജനാരോഗ്യ മന്ത്രാലയം മുഖേന നടപ്പാക്കിയതിലൂടെ കേസുകളുടെ എണ്ണം കുറയാന്‍ തുടങ്ങിയ കാര്യവും ഡോ. അല്‍ഖാല്‍ പറഞ്ഞു. ഇപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ പലരെയും വീടുകളില്‍ കഴിയാന്‍ അനുവദിക്കുന്നുണ്ട്. വീടുകളില്‍ സൗകര്യമില്ലാത്തവരെ ഐസൊലേഷന്‍ സൗകര്യത്തിലേക്കു മാറ്റുന്നുണ്ട്. സാരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും ഓക്‌സിജന്‍ പിന്തുണ ആവശ്യമുള്ളവരെയുമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രതിദിനം ഏകദേശം 5000 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. ദിവസേന ആവശ്യമെങ്കില്‍ 25,000വരെ സാമ്പിളുകള്‍ പരിശോധിക്കാനുള്ള ശേഷിയുണ്ടെന്നും ഡോ. അല്‍ഖാല്‍ പറഞ്ഞു. നിലവില്‍ 5000 മുതല്‍ 9000 പരിശോധനകളാണ് ഒരു ദിവസം നടത്തുന്നത്.