Friday, September 18ESTD 1934

മിശ്ര പഠനരീതിയോ, ഓണ്‍ലൈനോ…? അടുത്തയാഴ്ച മുതല്‍ രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് മന്ത്രാലയം

  • വിദ്യാലയങ്ങളുടെ അന്തരീക്ഷം സുരക്ഷിതം
  • സ്‌കൂളില്‍ 0.2 ശതമാനത്തില്‍ താഴെ മാത്രം കോവിഡ്
  • കോവിഡ് വന്നത് വീടുകളില്‍ നിന്നും സാമൂഹിക കൂടിച്ചേരലുകളിലൂടേയും
  • രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്‌കൂളുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും

ദോഹ: വിദ്യാര്‍ഥികള്‍ക്ക് ഉചിതമായ പഠനരീതി ഏതാണെന്ന കാര്യത്തില്‍ അടുത്തയാഴ്ച മുതല്‍ രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. രണ്ടു രീതിയിലുള്ള പഠനസംവിധാനമാണ് നടപ്പാക്കുന്നത്. ക്ലാസ് റൂം, ഓണ്‍ലൈന്‍ പഠനരീതികള്‍ ഉള്‍പ്പെടുത്തിയുള്ള മിശ്ര പഠനരീതിയാണ് ഇതിലൊന്ന്. രണ്ടാമത്തേത് പൂര്‍ണമായും വിദൂര പഠനരീതി. ഇതിലേതുവേണമെങ്കിലും രക്ഷിതാക്കള്‍ക്ക് തെരഞ്ഞെടുക്കാം.
സ്‌കൂളുകളില്‍ മിശ്ര പഠനരീതി തുടര്‍ന്നുമുണ്ടാകും. എന്നാല്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 30 ശതമാനമായി പരിമിതപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍ ബിഷ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മിശ്രിത പഠനമാണോ ഓണ്‍ലൈന്‍ രീതിയാണോ വിദ്യാര്‍ഥികള്‍ക്ക് വേണ്ടതെന്നതില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാം. ഇക്കാര്യത്തില്‍ ശ്രദ്ധാപൂര്‍വമായ തീരുമാനമായിരിക്കണം രക്ഷിതാക്കളെടുക്കേണ്ടത്. സ്‌കൂളുകള്‍ക്കായി നിരവധി നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ അന്തിമ തീരുമാനമായിരിക്കണം കൈക്കൊള്ളേണ്ടതെന്നും അല്‍ബിഷ്രി വിശദീകരിച്ചു. സ്‌കൂള്‍ അന്തരീക്ഷം സുരക്ഷിതമാണെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ രേഖപ്പെടുത്തിയിട്ടുള്ള മിക്ക കേസുകളും സ്‌കൂളുകള്‍ക്ക് പുറത്താണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ അണുബാധ കണ്ടെത്തിയാല്‍ പ്രോട്ടോക്കോള്‍ പിന്തുടരും. ഏതെങ്കിലും സ്‌കൂളില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ലാസ് റൂം പഠനം താല്‍ക്കാലികമായി നിര്‍ത്തിവെക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഹാജര്‍ ഗാര്‍ഹിക പഠനത്തിലൂടെ മാത്രമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മൂന്നരലക്ഷം വിദ്യാര്‍ഥികളും 35,000ലധികം അധ്യാപകരമുള്ള ഖത്തറില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതിനുശേഷം 0.2 ശതമാനത്തില്‍ താഴെ പേരില്‍മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കോവിഡ് സംബന്ധിച്ച ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍ ഡോ. അബ്ദുലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. സ്‌കൂള്‍ തുറന്നിട്ട് രണ്ടാഴ്ചയാകുന്നു. കുറച്ച് കുട്ടികളിലും അധ്യാപകരിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലായിരിക്കുമ്പോഴല്ല, വീടുകളില്‍ നിന്നും സാമൂഹിക കൂടിച്ചേരലുകളിലൂടേയുമാണ് രോഗം പിടിപെട്ടതെന്ന് ട്രാക്ക് ആന്റ് ട്രേസ് ടീം കണ്ടെത്തിയിട്ടുണ്ടെന്നും ഡോ.അല്‍ഖാല്‍ പറഞ്ഞു.

error: Content is protected !!