
ടൊറോന്റോ: മലയാളി മുസ്ലിം അസ്സോസ്സിയേഷന്‍ ഓഫ് കാനഡ (എം എം എ സി) വെര്‍ച്വല്‍ ഈദ് മീറ്റ് സംഘടിപ്പിച്ചു. മാനവരാശിക്ക് പരിചിതമല്ലാത്ത ഒരു റമദാനും ഈദുമാണ് ഈ വര്‍ഷം കടന്നുപോയതെന്നും കോവിഡ് 19 ലോകത്തെ പിടിച്ചുകെട്ടിയപ്പോള്‍ വിറങ്ങലിച്ചുനില്ക്കുകയല്ല എല്ലാ ആഘോഷങ്ങളും മാറ്റിവെക്കുകയും പരസ്പരം താങ്ങാവുകയുമാണ് വേണ്ടതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക അകലം പാലിച്ചു കൊണ്ട് എങ്ങനെ ഒത്തുകൂടാം എന്ന് ചിന്തയില്‍ നിന്നാണ് 2 മണിക്കൂര്‍ നീണ്ട വെര്‍ച്വല്‍ ഈദ് മീറ്റ് രൂപം കൊണ്ടത്. അംഗങ്ങള്‍ മഹാമാരിയേയും അടച്ചുപൂട്ടിയിരിപ്പും പ്രയാസങ്ങളും മറന്ന് പ്രത്യാശയുടെയും സമാധാനത്തിന്റെയും മാനസികോല്ലാസത്തിന്റെയും തലത്തിലേക്കെത്തിയതായി സംഘാടകര്‍ അറിയിച്ചു. ഇസ്ലാമിക് ഫൗണ്ടേഷന് ഇമാമും പണ്ഡിതനുമായ ശൈഖ് യൂസഫ് ബദാത് ഈദ് സന്ദേശം കൈമാറി. ലോക ജനതക്കും ജീവന് പണയപ്പെടുത്തി ആരോഗ്യ മേഖലയില്‍ സേവനം ചെയ്യുന്നവര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. എം മാക് പ്രസിഡന്റ് ഫാത്തിമ ഫാബി അധ്യക്ഷത വഹിച്ചു. കനേഡിയന്‍ പാര്‍ലിമെന്റംഗം ഇഖ്റ ഖാലിദ്, പണ്ഡിതനും ഇസ്്ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൊറന്റോ സീനിയര്‍ ലക്ചററുമായ ശൈഖ് അഹ്മദ് കുട്ടി, ഓള് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്സ് പ്രസിഡന്റ് ഡോ. നിജില്‍ ഹാറൂണ്‍, മന്ത്രി കെ.ടി ജലീല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇ. ടി മുഹമ്മദ് ബഷീര്‍ എം പി ആശംസകള്‍ നേര്‍ന്നു. ഗാനസദസ്സിന് യുവ ഗായികയും, മോട്ടിവേഷണല്‍ സ്പീക്കറുമായ ശസ്നി അഫ്സല് നേതൃത്വം നല്കി. കമ്മ്യൂണിറ്റി അംഗങ്ങളായ ഹസ്ന അന്‍സാര്‍, ആദില്‍ സല്മാന്, അജ്മല്‍ എന്നിവരും ഗാനമാലപിച്ചു. ബിലാല്‍, റിക്കാസ്, ഡോ. സാബിര്‍, നിസ ഹാരിസും ഹാസ്യ സ്കിറ്റ് അവതരിപ്പിച്ചു. റെസ്ലിം മുഹമ്മദ് അവതാരകനായ ചടങ്ങിന് ഫൈസല്‍ വെല്‍റ്റ്, ഷാജി പ്രിന്‍സ് ഫുഡ് എന്നിവര്‍ പ്രായോജകരായി.