in ,

ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗം; കര്‍ശന നടപടികളുമായി ട്രാഫിക് വിഭാഗം

  • ബോധവത്കരണം യുവാക്കളെ ലക്ഷ്യംവെച്ച്
  • ഗതാഗത നിയമലംഘനങ്ങളോട് വിട്ടുവീഴ്ചയില്ല

ദോഹ: ഡ്രൈവര്‍മാരുടെ മൊബൈല്‍ ഉപയോഗം തടയാന്‍ കര്‍ശന നടപടികളുമായി ട്രാഫിക് ജനറല്‍ ഡയരക്ടറേറ്റ്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതും അമിത വേഗതയും തടയുന്നതിന് വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചതായി ഡയരക്ടറേറ്റ് ഫസ്റ്റ് ലഫ്. ഫഹദ് ശരീദ അല്‍ അബ്ദുല്ല അറിയിച്ചു.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും അമിത വേഗതയുമാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനമെന്ന് ട്രാഫിക് വിഭാഗം കണക്കുകള്‍ കാണിക്കുന്നു. ശൈത്യകാല സീസണിലാണ് അമിതവേഗത്തില്‍ വാഹനമോടിക്കുന്ന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതെന്നും ഖത്തര്‍ റേഡിയോയുമായി സംസാരിക്കവെ അല്‍ അബ്ദുല്ല സൂചിപ്പിച്ചു.
അമിതവേഗം തെരുവുകളില്‍ സ്ഥാപിച്ച റഡാറുകള്‍ കൊണ്ടു നിയന്ത്രിക്കാനാകുമങ്കിലും വാഹമോടിക്കുന്ന വേളയിലെ ഡ്രൈവര്‍മാരുടെ മൊബൈല്‍ സംസാരമാണ് ഇപ്പോഴും ട്രാഫിക് വകുപ്പിന് വെല്ലുവിളിയായിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗം ഇല്ലാതാക്കാനുള്ള കടുത്ത ബോധവത്കരണ പരിപാടികള്‍ക്കാണ് വകുപ്പ് ഊന്നല്‍ നല്‍കുക.
സാമൂഹികമാധ്യമങ്ങള്‍ വഴി വ്യാപകമായ പ്രചാരണ പരിപാടികള്‍ നടത്തിയും ശൈത്യകാല ക്യാംപുകളില്‍ ഡ്രൈവര്‍മാരെ നേിരിട്ടു കണ്ടും സന്ദേശമെത്തിക്കും. മണല്‍ക്കൂനകളിലൂടെ വിദഗ്ധമായി വാഹനമോടിക്കാന്‍ അറിയാത്ത യുവാക്കള്‍ സീലൈന്‍ പ്രദേശത്തുകൂടെയും ഇത്തരം സ്ഥലങ്ങളിലും ഡ്രൈവിംഗ് നടത്തരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഗതാഗതനിയമ ലംഘനങ്ങളോട് ട്രാഫിക് വിഭാഗം യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ല. വാഹനമോടിക്കുന്നവരുടെ വിനോദങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മോട്ടോര്‍ വാഹനങ്ങള്‍  നല്‍കുന്നത് പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചുവെക്കുന്നവരെ കോടതി നടപടികള്‍ക്കു വിടുന്നതിനു പുറമെ മൂന്നു ദിവസത്തെ ജയില്‍ വാസത്തിനു വിധേയമാക്കും. റോഡ് സുരക്ഷാ ബോധവത്കരണത്തില്‍ യുവാക്കളെയാകും കൂടുതല്‍ ലക്ഷ്യമിടുക. ഇതിനായി വിവിധ ഏജന്‍സികളുടെ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ 224 പേര്‍ക്കു കൂടി കോവിഡ്; 193 പേര്‍ക്ക് കൂടി രോഗമുക്തി

ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ അമീര്‍ അനുശോചിച്ചു