in

കര്‍ശന മുന്‍കരുതലോടെ നാളെ മുതല്‍ കൂടുതല്‍ പള്ളികള്‍ തുറക്കും

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ കൂടുതല്‍ പള്ളികള്‍ തുറക്കും. ആദ്യഘട്ടത്തില്‍ 494 പള്ളികളാണ് തുറന്നത്. ഇതിന്റെ തുടര്‍ച്ചയായി നാളെ മുതല്‍ മുന്നൂറോളം പള്ളികള്‍ കൂടി തുറക്കും. പരിമിതമായ ശേഷിയില്‍ അഞ്ചുസമയത്തെ നമസ്‌കാരങ്ങള്‍ പള്ളികളിലുണ്ടാകും. മുന്‍കരുതല്‍ പാലിച്ചുകൊണ്ടായിരിക്കും പള്ളികളുടെ പ്രവര്‍ത്തനം.
മാസ്‌ക് ധരിക്കാത്തവര്‍ക്ക് പള്ളിയില്‍ പ്രവേശനമില്ല. കോവിഡ്-19 അപകട നിര്‍ണയ ആപ്പ് ഇഹ്തിറാസില്‍ പച്ച നിറമാണെങ്കില്‍ മാത്രമേ പ്രവേശനമുള്ളു. വയോധികര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ എന്നിവര്‍ വീടുകളില്‍തന്നെ പ്രാര്‍ഥന നിര്‍വഹിക്കണം. 12 വയസില്‍ താഴെയുള്ളവര്‍ക്കും പള്ളിയില്‍ പ്രവേശനമില്ല. ബാങ്കിനു അഞ്ചു മിനുട്ട് മുന്‍പ് മാത്രമായിരിക്കണം പള്ളി തുറക്കേണ്ടത്. പ്രാര്‍ത്ഥന കഴിഞ്ഞ് അഞ്ചു മിനിറ്റിന് ശേഷം പള്ളികള്‍ അടയ്ക്കുകയും വേണം. ഓരോ പള്ളിയുടേയും പ്രവേശന കവാടങ്ങളില്‍ പ്രവേശനം അനുവദനീയമായ പരമാവധി വിശ്വാസികളുടെ എണ്ണം എത്രയാണെന്നത് സംബന്ധിച്ച പോസ്റ്റര്‍ പതിപ്പിക്കണം. പ്രാര്‍ഥന തുടങ്ങുമ്പോള്‍ അല്ലെങ്കില്‍ പള്ളിയില്‍ ഉള്‍ക്കൊള്ളാവുന്ന വിശ്വാസികളുടെ എണ്ണം എത്തിയാല്‍ പ്രധാന വാതിലുകള്‍ അടക്കണം. പള്ളിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ്് എല്ലാവരും കൈകള്‍ വൃത്തിയാക്കണം. എല്ലാ ജീവനക്കാരുടേയും ശരീര താപനില പരിശോധിക്കണം. പള്ളിയിലെ എല്ലാ ജീവനക്കാരും തൊഴിലാളികളും പ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികളും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.വിശ്വാസികള്‍ പ്രാര്‍ത്ഥനക്കുള്ള നമസ്‌കാര പായ (മുസല്ല), പാരായണത്തിനുള്ള വിശുദ്ധ ഖുര്‍ ആന്‍ എന്നിവ സ്വന്തമായി കൊണ്ടുവരണം. വീടുകളില്‍നിന്ന്് അംഗശുദ്ധി വരുത്തി വേണം പള്ളികളിലെത്തേണ്ടത്. വിശ്വാസികള്‍ തമ്മില്‍ 1.5 മീറ്റര്‍ സുരക്ഷിത അകലം പാലിക്കണം. കാര്‍പ്പെറ്റില്‍ ശാരീരിക അകലം പാലിക്കുന്നതിനുള്ള അടയാളവും രേഖപ്പെടുത്തണം. പള്ളികളിലെ ശുചിമുറികള്‍, അംഗശുദ്ധി വരുത്തുന്ന സ്ഥലം എന്നിവ അടക്കണം. എല്ലാ പ്രവേശന കവാടങ്ങളിലും മാലിന്യ ബോക്‌സുകളും ടിഷ്യൂ പേപ്പറുകളും സാനിറ്റൈസറുകളും ഉണ്ടാകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യു ഉപയോഗിച്ച് മൂക്കും വായയും അടച്ച് പിടിക്കണം. ടിഷ്യു സുരക്ഷിതമായി മാലിന്യബോക്‌സില്‍ നിക്ഷേപിക്കണം. കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.
പള്ളിയിലെ കാര്‍പെറ്റുകള്‍, ഇടനാഴികള്‍, തറ, ചെരുപ്പ് സൂക്ഷിക്കുന്ന ഇടം തുടങ്ങി എല്ലാ സ്ഥലങ്ങളും ഓരോ പ്രാര്‍ത്ഥന കഴിയുമ്പോഴും പതിവായി ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം. പ്രാര്‍ത്ഥനാസമയങ്ങളില്‍ പള്ളിക്കുള്ളില്‍ ശരിയായ വായുസഞ്ചാരം ലഭിക്കാന്‍ കുറഞ്ഞത് പകുതി എണ്ണം ജനാലകളും വാതിലുകളും തുറന്നിടണം. പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ മടങ്ങിയ ശേഷമേ അടക്കാവൂ.
മറ്റുള്ളവരുടെ ഇടയിലൂടെ നടക്കാതെ തന്നെ പള്ളിയുടെ വശങ്ങളില്‍ കൂടി വിശ്വാസികള്‍ക്ക് തിക്കും തിരക്കുമില്ലാതെ പുറത്തേക്ക് പോകാനുള്ള ക്രമീകരണം ഉണ്ടായിരിക്കണം. പള്ളികളിലും ജീവനക്കാരുടെ താമസ സ്ഥലത്തും ഐസൊലേഷന്‍ മുറി ക്രമീകരിക്കണം. സംശയാസ്പദമായ കേസുകളുണ്ടെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് എത്തുന്നത് വരെ അവരെ ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റണം. ജീവനക്കാരില്‍ ആര്‍ക്കെങ്കിലും പനി, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കണം. ഇക്കാര്യം അധികൃതരെ അറിയിക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

എംബസി നല്‍കിയ വിമാന ടിക്കറ്റില്‍ വിനോദന്‍ നാട്ടിലെത്തി; ഐ.സി.ഡബ്ല്യൂ.എഫ് ഫണ്ടില്‍ കോടികള്‍ ഇനിയും ബാക്കി