
ദോഹ: സമീപഭാവിയില്‍ കൂടുതല്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങും. പൂനെ ഓപണ്‍ യൂനിവേഴ്സിറ്റിയുടെ ശാഖ അടുത്തവര്‍ഷം മധ്യത്തോടെ ഖത്തറില്‍ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ പറഞ്ഞു. ബി.എസ്സി, ബി.എഡ്, ബിഎ തുടങ്ങിയ കോഴ്സുകള്‍ ഇവിടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഹയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ അംബാസഡര്‍. നിലവില്‍ 18 ഇന്ത്യന്‍ സ്കൂളുകളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് പുതിയ സ്കൂളുകള്‍ കൂടി ഉടന്‍ തുറക്കും. വിദ്യാഭ്യാസ മേഖലക്ക് ഖത്തര്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. വിവിധ യൂനിവേഴ്സിറ്റികള്‍, വിവിധ യൂനിവേഴ്സിറ്റി ശാഖകള്‍ തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റി അടക്കമുള്ള വിദ്യാഭ്യാസ സ് ഥാപനങ്ങളുെട മേധാവിമാരുമായി ചര്‍ച്ചകള്‍ നടത്തിയതായും അംബാസഡര്‍ പറഞ്ഞു. ഖത്തറില്‍ ഏഴ് ലക്ഷം ഇന്ത്യക്കാരാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പ്രവാസിസമൂഹമാണ് ഇന്ത്യക്കാര്‍. അതുകൊണ്ടുതന്നെ എംബസിയുടെ വിവിധ സേവനങ്ങള്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ കോണ്‍സുലാര്‍ ക്യാമ്പുകള്‍ നടത്തും. ദോഹയില്‍ നിന്ന് അകലെയുള്ള പ്രദേശങ്ങളില്‍ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പുകള്‍ പതിവായി നടത്തും. കഴിഞ്ഞ ദിവസം ഏഷ്യന്‍ ടൗണിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ക്യാമ്പ് നടത്തിയിരുന്നു. എല്ലാമാസവും ആദ്യ വെള്ളിയാഴ്ച ഇത്തരത്തില്‍ ഇവിടെ ക്യാമ്പ് നടത്തും- മിത്തല്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രവാസികള്‍ക്കായി പരാതി പരിഹാര സംവിധാനം ഉടന്‍
ദോഹ: ഇന്ത്യന്‍ പ്രവാസികള്‍ക്കായി പരാതി പരിഹാര സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസി സേവനങ്ങള്‍ എല്ലാവര്ക്കും വേഗത്തില്‍ ലഭ്യമാക്കാന്‍ പുതിയ മൊബൈല്‍ ആപ്പും വികസിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ പറഞ്ഞു. അടിയന്തര സേവനങ്ങള്‍ക്കായി നേരത്തെ അനുമതി ലഭിക്കാന്‍ ഓണ്‍ലൈനില്‍ പ്രത്യേകം അപേക്ഷ നല്‍കാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്രമീകരണം. ഓണ്‍ലൈന്‍ അപ്പോയ്മെന്റ് സംവിധാനത്തില്‍ അപേക്ഷകന് സൗകര്യപ്രദമായ തീയതിയും സമയവും തിരഞ്ഞെടുക്കാം. ഓട്ടമാറ്റിക് സ്ഥിരീകരണം ലഭിക്കും. ഖത്തറില്‍ താമസിക്കുന്ന ഇന്ത്യയില്‍നിന്നുള്ള വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മുതിര്‍ന്ന പൗരന്മാര്ക്ക് പെന്ഷന് ആവശ്യത്തിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പ്രത്യേക വാക്ക് ഇന്‍ സൗകര്യവും തുടങ്ങിയിട്ടുണ്ട്. നവംബറില്‍ ആകെ 197 ലൈഫ് സര്‍ട്ടിഫിക്കറ്റകള്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ ഇതുവരെയായി എംബസി 25,000 ത്തിലധികം സേവനങ്ങള്‍ നല്കി. പാസ്പോര്‍ട്ട് സേവനങ്ങള്‍, അടിയന്തര സര്‍ട്ടിഫിക്കറ്റുകള്‍, അറ്റസ്റ്റേഷന് സേവനങ്ങള്‍, തൊഴില്‍ മാറ്റത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ആവശ്യമായ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, വിസ സേവനങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ഇക്കാലയളവില്‍ ലഭ്യമാക്കിയതെന്നും അംബാസഡര്‍ അറിയിച്ചു.