
ദോഹ: നോവല്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ഇറാന് ഖത്തര്‍ വീണ്ടും മെഡിക്കല്‍ സഹായമെത്തിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരം ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റാണ്(ക്യുഎഫ്എഫ്ഡി) വീണ്ടും ആരോഗ്യസഹായം ഇറാനിലേക്കയച്ചത്.
പകര്‍ച്ചവ്യാധിയെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ഖത്തറിന്റെ സഹായമെന്ന നിലയിലാണ് അടിയന്തരമായി ആരോഗ്യസഹായം ലഭ്യമാക്കാന്‍ അമീര്‍ ഉത്തരവിട്ടത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ 15 ടണ്‍ മെഡിക്കല്‍ സാമഗ്രികളും ഉപകരണങ്ങളുമാണ് ഇറാനിലെത്തിച്ചത്.
കോവിഡ് വ്യാപിച്ച രാജ്യങ്ങളിലേക്ക് അടിയന്തര ആരോഗ്യസഹായത്തിന്റെ വ്യോമപാലങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഖത്തറിന്റെ നിരന്തരശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ സഹായമെന്ന് ക്യുഎഫ്എഫ്ഡി പ്രസ്താവനയില്‍ അറിയിച്ചു. സഹോദര സൗഹൃദ രാജ്യങ്ങളെ പിന്തുണക്കുന്നതില്‍ ഖത്തറിന്റെ സജീവമായ പങ്ക് പ്രതിഫലിപ്പിക്കുന്നതാണ് ഇറാനിലേക്കുള്ള തുടര്‍ച്ചയായ സഹായമെന്ന് ക്യുഎഫ്എഫ്ഡി ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍കുവാരി പറഞ്ഞു. ഈ മഹാമാരിയെ നേരിടുന്നതിനായി കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ സഹോദര സൗഹൃദ രാജ്യങ്ങള്‍ക്ക് നിരവധി അടിയന്തര ആരോഗ്യ സഹായം ക്യുഎഫ്എഫ്ഡി മുഖേന ഖത്തര്‍ നല്‍കിയിട്ടുണ്ട്. ആഗോളതലത്തില്‍ മഹാമാരിയായി പ്രഖ്യാപിച്ച ഈ അസുഖത്തെ നിയന്ത്രണവിധേയമാക്കാന്‍ തീവ്രമായ ശ്രമങ്ങളാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ ഇറാന്റെ ശ്രമങ്ങള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കിവരുന്നു. കോവിഡിനെ നേരിടുന്നതില്‍ ആവശ്യമായ മെഡിക്കല്‍ സാമഗ്രികളുടെ കുറവ് പരിഹരിക്കുന്നതിന് ഖത്തര്‍ ഇറാനിലേക്ക് വൈദ്യസഹായം അയയ്ക്കുന്നത് ഇതാദ്യമല്ല. നേരത്തെയും സഹായം ലഭ്യമാക്കിയിരുന്നു.