ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഐസിഎഐയുമായി ധാരണാപത്രം ഒപ്പുവെച്ചു
ദോഹ: ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഖത്തറില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിതുറക്കുന്നു. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററും(ക്യുഎഫ്‌സി) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും(ഐസിഎഐ) തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇരുകൂട്ടരും ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ ഈ സഹകരണത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. അക്കൗണ്ടന്റുമാര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുന്നതിനൊപ്പം സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ഖത്തറില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുക എന്നിവയും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു. അക്കൗണ്ടിങ് തൊഴില്‍ സംബന്ധിച്ച വിവരങ്ങള്‍ ക്യുഎഫ്‌സിയും ഐസിഎഐയും പങ്കുവെക്കും.

ഗുണകരമായ സംരംഭങ്ങളില്‍ ഇരുകൂട്ടരും യോജിച്ചു പ്രവര്‍ത്തിക്കും. അഷ്വറന്‍സ്, ഓഡിറ്റിംഗ്, ഉപദേശക, നികുതി, ധനകാര്യ സേവനങ്ങള്‍, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയില്‍ ഐസിഎഐ അംഗങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഖത്തറില്‍ ഇന്ത്യന്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഇരുഭാഗത്തുനിന്നും പിന്തുണയുണ്ടാകും. സംയുക്ത റൗണ്ട്‌ടേബിള്‍ പരിപാടികള്‍, നെറ്റ്‌വര്‍ക്കിങ് ഇവന്റുകള്‍, മറ്റു കൈമാറ്റ പ്രോഗ്രാമുകള്‍ എന്നിവയും സംഘടിപ്പിക്കുകയും ലഭ്യമാകുന്ന അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കുകയും ചെയ്യും.
പ്രാദേശിക ഖത്തരി പ്രൊഫഷണലുകളെയും സംരംഭകരെയും വിദ്യാര്‍ത്ഥികളെയും പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും യോജിച്ചുപ്രവര്‍ത്തിക്കും. ക്യുഎഫ്സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യൂസഫ് മുഹമ്മദ് അല്‍ജൈദയും ഐസിഎഐ പ്രസിഡന്റ് നിഹാര്‍ എന്‍ ജംബുസാരിയയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ സ്ഥാപനങ്ങളിലൊന്നുമായി ധാരണാപത്രം ഒപ്പിടാനായതില്‍ സന്തോഷമുണ്ടെന്നും മാനുഷിക മൂലധനവും സംരംഭകത്വവും ശക്തിപ്പെടുത്തുന്നതിനുള്ള ക്യുഎഫ്‌സിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നും അല്‍ജൈദ പറഞ്ഞു. ഇന്ത്യന്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ക്യുഎഫ്‌സി പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുന്നതിനായി സംയുക്താടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. വരുംവര്‍ഷങ്ങളില്‍ ഖത്തറിന്റെ ധനകാര്യ സേവന മേഖലകളെ കൂടുതല്‍ ത്വരിതപ്പെടുത്താന്‍ ധാരണാപത്രം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് നിരവധി അവസരങ്ങളാണ് ധാരണാപത്രത്തിലൂടെ ലഭിക്കുന്നതെന്നും ഇരുഭാഗങ്ങളിലെയും സമ്പദ് വ്യവസ്ഥശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും ജംബുസാരിയ പറഞ്ഞു. ഐസിഎഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹകരണവുമുണ്ടെന്നും ധാരണാപത്രം സ്വാഗതം ചെയ്യുന്നതായും ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ പറഞ്ഞു. ഐസിഎഐയുടെ ദോഹ ചാപ്റ്റര്‍ 1981ലാണ് രൂപീകൃതമാകുന്നത്. ധാരണാപത്രം രൂപപ്പെടുത്തുന്നതില്‍ ദോഹ ചാപ്റ്റര്‍ നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്. ക്യുഎഫ്‌സിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്താണ് ചാപ്റ്ററിന്റെ പ്രവര്‍ത്തനം. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലുമായി ചാപ്റ്റര്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.