ദോഹ: കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന്റെ പിന്തുണ ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍. കോവിഡ് വെല്ലുവിളികളെ നേരിടുന്ന ഇന്ത്യയെ പിന്തുണക്കാനും സഹായങ്ങള്‍ ലഭ്യമാക്കാനും നാല്‍പ്പതോളം രാജ്യങ്ങള്‍ മുന്നോട്ടുവന്നു. സഹായമെന്നതിനപ്പുറം ഇന്ത്യക്കുള്ള ഗുഡ്വില് ആയാണ് ഇതിനെ കാണുന്നതെന്നും ഇന്ത്യന്‍ എംബസിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഉള്‍പ്പടെ രാജ്യങ്ങളില്‍ നിന്നും നാവികസേനയുടെ പ്രത്യേക കപ്പലുകളില്‍ വലിയ ഓക്സിജന്‍ ടാങ്കുകള്‍ ഇന്ത്യയിലെത്തിക്കുന്നുണ്ട്.
ആഗോളസഹായം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്നും 1200 മെട്രിക് ടണ്‍ ഓക്സിജന്‍ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഫ്രാന്‍സിന്റെ പിന്തുണയോടെ ക്രയോജനിക് ടാങ്കുകളില്‍ 40 മെട്രിക് ടണ്‍ വീതം ഓക്സിജന്‍ രണ്ടു കപ്പലുകളിലായി ഇന്ത്യയിലേക്ക് അയച്ചു. മെയ് അഞ്ചിന് പുറപ്പെട്ട കപ്പല്‍ ഇന്ത്യയിലെത്തി. രണ്ടാമത്തെ കപ്പല്‍ ഉടന്‍ എത്തും. വരും ആഴ്ചകളില്‍ കൂടുതല്‍ ഓക്സിജന്‍ എത്തിക്കും.
ബ്രിട്ടീഷ് ഓക്സിജന്‍ കമ്പനി നല്കിയ 1350 ഓക്സിജന്‍ സിലിണ്ടറുകളുമായി ഖത്തര്‍ എയര്‍വേയ്സ് വിമാനം ഇന്നലെ പുറപ്പെട്ടു. കൂടുതല്‍ മെഡിക്കല്‍ സഹായവുമായി രണ്ടു വിമാനങ്ങള്‍ കൂടി വരുംദിവസങ്ങളില്‍ പുറപ്പെടും. കോവിഡിനെതിരായ പോരാട്ടത്തില്‍ ഖത്തറിന്റെ പൂര്‍ണ പിന്തുണ ഇന്ത്യക്കുണ്ട്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണില്‍ ചര്‍ച്ച ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സമാഹരിക്കുന്ന മെഡിക്കല്‍ സഹായം ഖത്തര്‍ എയര്‍വേയ്സ് സൗജന്യമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹവും സഹായങ്ങള്‍ സമാഹരിക്കുന്നുണ്ടെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി.