in

പേള്‍ ഖത്തറില്‍ പ്രവേശിച്ചത് 18ലക്ഷത്തിലധികം വാഹനങ്ങള്‍

ദോഹ: ഈ വര്‍ഷം ജൂണ്‍ മുതല്‍ ഇതുവരെയായി പേള്‍ ഖത്തറില്‍ പ്രവേശിച്ചത് പതിനെട്ട് ലക്ഷം വാഹനങ്ങളാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കിയതിനുശേഷം പേള്‍ഖത്തറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ നീക്കുന്നതിനു മുന്‍പുള്ള മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ വാഹനങ്ങളുടെ പ്രവേശനത്തില്‍ 50ശതമാനത്തിന്റെ വര്‍ധനനുണ്ടായി. പേള്‍ ഖത്തറിന്റെയും ജിവാന്‍ ദ്വീപിന്റെയും മാസ്റ്റര്‍ ഡെവലപ്പറായ യുണൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനി(യുഡിസി)യാണ് ഇക്കാര്യം അറിയിച്ചത്. ബീച്ചുകള്‍, പള്ളികള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ വീണ്ടും തുറന്നതിന്റെ ഫലമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പേള്‍ ഖത്തറിലേക്കെത്തിയ വാഹനങ്ങളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായി. ജൂലൈ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ 6,68,000 വാഹനങ്ങള്‍ ദ്വീപിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ 17ശതമാനത്തിന്റെ വര്‍ധനവുണ്ടായി. പേള്‍ ഖത്തറിലേക്ക് ഏറ്റവുമധികം വാഹനങ്ങളെത്തുന്നത് വൈകുന്നേരം അഞ്ചിനും രാത്രി ഒന്‍പതിനുമിടയിലാണ്. സന്ദര്‍ശകരുടെ വരവ് വര്‍ധിക്കുന്നത് റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനുമിടയാക്കിയിട്ടുണ്ട്.
വിനോദത്തിനും ഷോപ്പിങിനും ഡൈനിങിനുമുള്ള പ്രധാന ലക്ഷ്യസ്ഥാനമായി പേള്‍ ഖത്തര്‍ തുടരുകയാണ്. 350ലധികം റീട്ടെയില്‍, ഭക്ഷ്യ- പാനീയ ഔട്ട്‌ലെറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അടുത്ത മാസത്തോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ സന്ദര്‍ശകരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, നഴ്‌സറികള്‍, സലൂണുകള്‍, സ്പാകള്‍, ജിമ്മുകള്‍ എന്നിവ വീണ്ടും തുറക്കുന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ വ്യാപനം മുതല്‍ യുഡിസി സജീവമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പേള്‍ ഖത്തറിലെ എല്ലാ താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
പേള്‍ഖത്തറിന്റെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക നിരീക്ഷണ ഡിവൈസിന്റെ സഹായത്തോടെയാണ് ദ്വീപില്‍ പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്നത്. സന്ദര്‍ശകര്‍, വിനോദസഞ്ചാരികള്‍, താമസക്കാര്‍, ഉടമകള്‍, ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്. വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലുമാണ് ഏറ്റവുമധികം വാഹനഗതാഗതം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് ബാധിച്ച് മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് ഇന്‍കാസ് അഞ്ച് ലക്ഷം സഹായം നല്‍കും

ഫാഹിസ് കേന്ദ്രങ്ങളില്‍ അടുത്തമാസം മുതല്‍ വാഹന പരിശോധന പുനരാരംഭിക്കും