
ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടമായവര്‍ക്ക് ജോലി കണ്ടെത്തുന്നതിനും പുനര്‍നിയമനത്തിനും സഹായിക്കുന്നതിന് ഖത്തര്‍ ചേംബര്‍(ക്യുസി) സജ്ജമാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2300ലധികം കമ്പനികള്‍. ഖത്തറിലെ തൊഴില്‍ നിയമനത്തിന് സൗകര്യമൊരുക്കുന്ന ഔദ്യോഗിക പോര്‍ട്ടലാണ് ക്യുസി പ്ലാറ്റ്ഫോം.
ജോലി നഷ്ടപ്പെട്ട ജീവനക്കാരെയും വിദഗ്ദരായ തൊഴിലാളികളെ തേടുന്ന സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെയും ഒരു കുടക്കീഴിലെത്തിക്കുകയെന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍ ചേംബറിന്റെ വെബ്സൈറ്റ് മുഖേന പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാം. ഖത്തറിലെ തൊഴില്‍ റിക്രൂട്ട്മെന്റിന് സൗകര്യമൊരുക്കുന്ന ഏക ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണിതെന്ന് ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലേഹ് ഹമദ് അല്‍ശര്‍ഖി പറഞ്ഞു. സമാന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മറ്റ് പോര്‍ട്ടലുകള്‍ അനൗദ്യോഗികമായി ചെയ്യുന്ന കാര്യമാണ് ക്യുസി പ്ലാറ്റ്ഫോം ഔദ്യോഗികമായി നിര്‍വഹിക്കുന്നത്്. പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനായുള്ള കരാറില്‍ ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവും ഖത്തര്‍ ചേംബറും ഉടന്‍ ഒപ്പുവെക്കും. പ്ലാറ്റ്ഫോമിലെ സേവനങ്ങള്‍ സൗജന്യമായതിനാല്‍ അവ ഉപയോഗപ്പെടുത്താന്‍ ഖത്തറിലെ കമ്പനികളോടു അല്‍ശര്‍ഖി ആവശ്യപ്പെട്ടു.
രാജ്യത്തെ തൊഴില്‍ വ്യാപാര മേഖലകളില്‍ കോവിഡിന്റെ സ്വാധീനം പ്രതിഫലിച്ചതോടെയാണ് പ്ലാറ്റ്ഫോം തുടങ്ങാന്‍ തീരുമാനിച്ചത്. ഇതൊരു താല്‍ക്കാലിക സൗകര്യമല്ലെന്നും മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കുറഞ്ഞാലും കമ്പനികളെയും ജീവനക്കാരെയും സഹായിക്കുന്നതിനായി പ്ലാറ്റ്ഫോമിന്റെ സേവനം തുടരുമെന്നും അല്‍ശര്‍ഖി വ്യക്തമാക്കി. ഭരണവികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയവുമായി സഹകരിച്ചാണ് പോര്‍ട്ടല്‍. വിദഗ്ദ്ധ തൊഴിലാളികളെ ആവശ്യമുള്ള കമ്പനികളെ സഹായിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
രാജ്യത്തെ സ്വകാര്യ മേഖലയിലായിരിക്കും തൊഴിലവസരങ്ങള്‍. ഖത്തറിലെ തൊഴിലന്വേഷകര്‍ക്ക് വലിയതോതില്‍ പ്രയോജനകരമായിരിക്കും പുതിയ സംവിധാനം. വേേു:െ//ംംം.ൂമമേൃരവമായലൃ.രീാ/ൂരലാുഹീ്യാലി േ എന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ച് തൊഴിലിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഖത്തര്‍ ചേംബറിന്റെ വെബ്സൈറ്റില്‍, കമ്പനികള്‍ക്ക് തൊഴിലാളികളെയോ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെയോ ലിസ്റ്റുചെയ്യാന്‍ കഴിയും.
ഓരോ ജീവനക്കാരനോ അതല്ലെങ്കില്‍ തൊഴിലാളിക്കോ വേണ്ടി സമര്‍പ്പിത ഫോം പൂരിപ്പിച്ച് ഖത്തര്‍ ഐഡിയുടെ പകര്‍പ്പ്, പാസ്പോര്‍ട്ട്, സിവി, സ്വയം ഒപ്പിട്ട തൊഴിലാളിയുടെ താല്പര്യപത്രം സഹിതമായിരിക്കണം അപേക്ഷിക്കേണ്ടത്. നിലവിലെ പ്രതികൂല സാഹചര്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടതിന്റെ ഫലമായി തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുമായിരുന്ന പ്രവാസി വിദഗ്ധ തൊഴിലാളികള്‍ക്ക് ഈ സംരംഭം വലിയ സഹായമായിരിക്കും.