
ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ എം.എസ്.ബുഖാരി(57) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മധ്യപ്രദേശിലെ ഭോപാല്‍ സ്വദേശിയായ ബുഖാരി കഴിഞ്ഞ 30 വര്‍ഷമായി ഖത്തര്‍ പ്രവാസിയാണ്. കായികമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യന്‍ എംബസിയുടെ അപ്പെക്സ് സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ(ഐഎസ്സി) പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി സംഘടനകളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. എച്ച്പി ഇന്‍ഡസ്ട്രീസ്, ഹെങ്കല്‍ പൊളിബിറ്റ് ഇന്‍ഡസ്ട്രീസ്,സാറ്റ്കോ ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളുടെ മാനേജിങ് ഡയറക്റ്ററും ചോയിസ് ഗ്രൂപ്പ് ചെയര്‍മാനുമായിരുന്നു. വിവിധ സാംസ്കാരിക അസോസിയേഷനുകളുടെ ചെയര്‍മാനും രക്ഷാധികാരിയുമാണ്. മജ്ലിസ് ഫറോഗ് ഇ ഉറുദു അദാബ്, എഎംയു പൂര്‍വവിദ്യാര്‍ഥി സംഘടന, ബാസ്ം ഇ ഉറുദു, ബസ്ം ഇ സദാഫ് തുടങ്ങിയ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഉറുദു ഭാഷയുടെ പ്രചരണത്തിനായി ഖത്തറില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി ഉറുദു ഭാഷാ സെമിനാറുകളും മുഷായിരകളും സംഘടിപ്പിച്ചിട്ടുണ്ട്. ദോഹയിലെ ബിര്‍ള, ഐഡിയല്‍ സ്കൂളുകളുടെ ആജീവനാന്ത അംഗവുമാണ്. ഭാരത് ഗൗരവ്, ഭാരത് ശിരോമണി, ഭാരത് സമ്മാന്‍, എന്‍.ആര്.ഐ അച്ചീവ്ഴ്സ് എക്സലന്‍സ് പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ സോഫിയ, മകള്‍ സൈമ.