in ,

അഹ്്മദിനെ തട്ടിക്കൊണ്ടുപോയവര്‍ ഉപയോഗിച്ചത് ഗള്‍ഫ് വാട്‌സാപ് നമ്പര്‍; ആവശ്യപ്പെട്ടത് 75,000 ഖത്തര്‍ റിയാലെന്ന് സഹോദരന്‍

എം ടി കെ അഹ്്മദ്

അശ്‌റഫ് തൂണേരി/ദോഹ:

ഖത്തറിലെ സള്‍ഫര്‍ കെമിക്കല്‍സ് ഉടമ നാദാപുരം, തൂണേരി സ്വദേശി എം ടി കെ അഹ്്മദിനെ തട്ടിക്കൊണ്ടുപോയ ശേഷം തനിക്ക് വാട്‌സാപ് സന്ദേശം വന്നത് ഖത്തര്‍ നമ്പരില്‍ നിന്നാണെന്നും മോചിപ്പിക്കാന്‍ 75,000 ഖത്തര്‍ റിയാല്‍ ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടതായും സഹോദരനും കമ്പനി പാര്‍ട്ണറുമായ അസീസ്. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഫെബ്രുവരി 14-ന് എഴുതി നല്‍കിയ പരാതിയിലാണ് അസീസ് ഇക്കാര്യം വ്യക്തമാക്കിയത്. ”ഉടന്‍ ബന്ധപ്പെട്ട കേരളത്തിലെ ഉന്നത പൊലീസ് അധികാരികള്‍ക്ക് പരാതി ഫോര്‍വേര്‍ഡ് ചെയ്യുകയുണ്ടായി. ആവശ്യമായ അന്വേഷണം നടത്താമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു.” ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ആന്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി എസ് സേവ്യര്‍ ധന്‍രാജ് ‘ മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യെ അറിയിച്ചു. കഴിഞ്ഞ ദിവസം അഹ്്മദ് മോചിതനായ വിവരം അറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
”സഹോദരനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ പണം നല്‍കാമെന്ന് പറയുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. പണം എത്തിച്ചില്ലെങ്കില്‍ ജ്യേഷ്ടനെ മറന്നേക്കൂ… എന്നായിരുന്നു ഭീഷണി.” അസീസ് ചന്ദ്രികയോട് പറഞ്ഞു.
ഏതോ ഒരു സിറിയക്കാരനോ മറ്റോ ഉപയോഗിച്ച നമ്പരില്‍ നിന്നാണ് വാട്‌സാപ് സന്ദേശമെത്തിയത്. പണം എത്തിക്കേണ്ടത് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ ആദ്യം നജ്്മയും പിന്നീട് ഉംസലാല്‍അലിയുമെല്ലാം മാറ്റിപ്പറഞ്ഞു. പിന്നീട് ആ സ്ഥലവും മാറ്റി. പണം നല്‍കാമെന്നും ജ്യേഷ്ടനെ മോചിപ്പിക്കണമെന്നും ഒരു മീഡിയേറ്റര്‍ മുഖേന വരാമെന്നുമറിയിച്ചപ്പോള്‍ അതിനും അവര്‍ തയ്യാറല്ലായിരുന്നുവെന്നും അസീസ് വ്യക്തമാക്കി.
”2016-ല്‍ തങ്ങളുടെ കമ്പനിയിലുണ്ടായിരുന്ന ഒരു മാനേജരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രണ്ടു പേരുമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നു. കാരണം ഇവരുമായിട്ടല്ലാതെ ബിസിനസ്സ് സംബന്ധിച്ച് ആരുമായും തര്‍ക്കങ്ങളില്ല. കമ്പനിയില്‍ നിന്നുകൊണ്ടു തന്നെ പാരലലായി മറ്റൊരു കമ്പനി തുടങ്ങി തങ്ങളുടെ ക്ലയന്‍സിനെ അങ്ങോട്ട് വലിക്കാന്‍ ശ്രമിക്കുകയും കിട്ടാനുള്ള തുക വസൂലാക്കാന്‍ ശ്രമിക്കുകയും ചെയ്തവരാണ് ഇവര്‍. സ്‌പോണ്‍സര്‍ നേരിട്ട് ഇടപെട്ട് അവിഹിതമായി ഒന്നും ചെയ്തില്ലെന്ന് വിശുദ്ധഖുര്‍ആന്‍ പിടിച്ച് സത്യം ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറാകാതിരുന്നവരാണ് ഈ മൂവര്‍ സംഘം.” അസീസ് പറഞ്ഞു.
കണ്ണൂമൂടിക്കെട്ടിയും കൈകാലുകള്‍ ബന്ധിച്ചും ഡിക്കിയിലേക്ക് തള്ളിയാണ് തന്നെ അഞ്ചു പേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയതെന്നും 3 ദിവസം ഒരു അജ്ഞാത കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്ത ശേഷം ഇന്നലെ രാമനാട്ടുകരക്കടുത്ത് ഒരു ഇന്നോവയില്‍ ഇറക്കിവിടുകയായിരുന്നുവെന്ന് അഹ്മദ് നാട്ടില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

അഹ്മദ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍. ലീഗ് നേതാക്കളായ അഹ്മദ് പുന്നക്കല്‍, വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍, എ കെ ടി കുഞ്ഞമ്മദ്, സാമൂഹിക പ്രവര്‍ത്തകന്‍ എ ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവരോടൊപ്പം.

മുറിയില്‍ വെച്ച് ചോദ്യം ചെയ്യുകയും ഒരു കടലാസിലെ കണക്കുകാണിച്ച് ഇതൊക്കെ ആര്‍ക്കെങ്കിലും കൊടുക്കാനുള്ള തുകയാണോ എന്ന് ആരായുകയും ചെയ്യുകയുണ്ടായി. ഖത്തറിലെ ഓഫീസില്‍ വിളിച്ചാല്‍ കണക്കറിയാമെന്ന് പറഞ്ഞപ്പോള്‍ നമ്പര്‍ ചോദിച്ചു. സഹോദരന്റെ നമ്പര്‍ നല്‍കിയ പ്രകാരം വിളിച്ചുസംസാരിച്ചു. പക്ഷെ അതിലൊന്നും അവര്‍ തൃപ്തരായിരുന്നില്ല. തൃശൂര്‍, കാസര്‍ക്കോട്, കണ്ണൂര്‍ പ്രാദേശിക ഭാഷകളില്‍ മാറി മാറി സംസാരിച്ചവരാണ് തന്നെ ചോദ്യംചെയ്തത്. അവരും മുഖം മൂടി ധരിച്ചവരായിരുന്നു. താന്‍ ആര്‍ക്കും മോചിപ്പിക്കാനായി പണം നല്‍കിയിട്ടില്ല. ബോസ് ഇറക്കിവിടാന്‍ പറഞ്ഞുവെന്നറിയിച്ചാണ് കഴിഞ്ഞ ദിവസം വിട്ടത്. രാമനാട്ടുകരക്കടുത്ത് ഇറക്കിവിട്ടപ്പോള്‍ 500 രൂപയും ഏല്‍പ്പിച്ചിരുന്നുവെന്ന് അഹ്്മദ് പറഞ്ഞു. 2016-ല്‍ കമ്പനിയില്‍ ജോലി നോക്കിയ ഒരു മാനേജരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരുമാവാം ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

What do you think?

-1 Points
Upvote Downvote

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് കാലത്ത് റദ്ദാക്കിയ വിമാനം; പരിഹാരം തേടി ഖത്തര്‍ കെ.എം.സി.സി നേതാക്കള്‍ എയര്‍ഇന്ത്യ മാനേജരെ കണ്ടു

ഭീമകൊറിഗാവ്: ദുരൂഹ തെളിവുകള്‍