ദോഹ: ഖത്തറിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കെ.എം.സി.സി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും വാണിജ്യ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന പി.എ മുബാറകിന്റെ ഭാര്യ നാജിയ മുബാറക്(55) ദോഹയില്‍ നിര്യാതയായി. ഇന്നു പുലര്‍ച്ചെ ഹമദ് ആസ്പത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഹമദ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ഹൃദായാഘാതം മൂലമായിരുന്നു മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആലപ്പുഴ കണ്ടത്തില്‍ മുഹമ്മദ് ഹസ്സന്റെ മകളാണ് നാജിയ മുബാറക്ക്. മക്കള്‍ നാദിയ(ദുബൈ) ഫാത്തിമ(ഖത്തര്‍)). മരുമക്കള്‍ മുഹമ്മദ് ഷമീന്‍ (ഇത്തിസാലാത്, ദുബൈ) മുഹമ്മദ് പര്‍വീസ് (ഖത്തര്‍ ഫൗണ്ടേഷന്). ഖബറടക്കം ഇന്നു രാത്രി ഇശാ നമസ്കാരത്തിനുശേഷം അബുഹമൂര്‍ ഖബര്‍സ്ഥാനില്‍.
മയ്യിത്ത് നമസ്കാരം അബൂഹമൂര്‍ ഖബര്‍സ്ഥാനിലെ മസ്ജിദില്‍ ഇശാ നമസ്കാരത്തിനുശേഷം നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം പങ്കെടുക്കേണ്ടത്. കഴിഞ്ഞ 35 വര്‍ഷമായി ഖത്തറിലുള്ള നാജിയ മുബാറക്ക് വിവിധ സാമൂഹക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ചന്ദ്രിക ഖത്തറിന്റെ മുന്‍ ലേഖകനും ഖത്തര്‍ ഇന്ത്യന്‍ മീഡിയഫോറം അംഗവുമായിരുന്ന പി.എ. മുബാറക്കിന്റെ ഭാര്യയുടെ വിയോഗത്തില്‍ ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് ചെയര്മാന് പാറക്കല്‍ അബ്ദുല്ല, ഗവേണിങ് ബോര്‍ഡംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ അനുശോചിച്ചു. കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. ഇന്ത്യന്‍ മീഡിയാ ഫോറവും അനുശോചനം രേഖപ്പെടുത്തി. പരേതയുടെ പരലോക മോക്ഷത്തിനായി ഈ വിശുദ്ധ ദിനങ്ങളില്‍ പ്രാര്‍ഥിക്കണമെന്ന് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ അഭ്യര്‍ഥിച്ചു.