
ദോഹ: വീല്‍ചെയറിലായിരുന്ന വ്യക്തിയെ റോഡ് മുറിച്ചുകടക്കാന്‍ സഹായിച്ച മുഹമ്മദ് യാസീനെന്ന ഡെലിവറി ജീവനക്കാരന് അഭിനന്ദന പ്രവാഹം. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പടെ ഒട്ടേറെപ്പേരാണ് യാസീന്റെ സല്‍പ്രവര്‍ത്തിയെ പ്രശംസിച്ച് രംഗത്തെത്തിയത്. തലാബത് ജീവനക്കാരനായ ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് യാസീന്‍ ഇതേക്കുറിച്ച് പറയുന്നതിങ്ങനെ; മക്‌ഡൊണാള്‍ഡില്‍ നിന്നുള്ള ഒരു ഓര്‍ഡര്‍ നല്‍കാനായി പോകുമ്പോഴാണ് വീല്‍ചയറില്‍ ഇരിക്കുകയായിരുന്ന വ്യക്തിയെ കാണുന്നത്. ആ മനുഷ്യന്‍ എവിടെനിന്നാണ് വരുന്നതെന്ന് അറിയുമായിരുന്നില്ല. വളരെയധികം അപകടസാധ്യതയുള്ള സ്ഥലമായിരുന്നു. വാഹനങ്ങള്‍ വേഗതയില്‍ പൊയ്‌ക്കൊണ്ടിരുന്നു.

അദ്ദേഹത്തിന് പിന്നില്‍നിന്നും ഒന്നും കാണാനും കഴിയുമായിരുന്നില്ല. അതോടെയാണ് അദ്ദേഹത്തെ റോഡുമുറിച്ചുകടക്കാന്‍ സഹായിക്കാന്‍ തീരുമാനിച്ചത്. ഒരു നിമിഷം പോലും മടിച്ചുനിന്നില്ല. മോട്ടോര്‍ബൈക്ക് റോഡരികില്‍ നിര്‍ത്തിയശേഷം അദ്ദേഹത്തെ സമീപിച്ച് എവിടേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. റോഡിന്റെ അവസാന ഭാഗത്തേക്ക് അദ്ദേഹം കൈ ചൂണ്ടി. റോഡു മുറിച്ചുകടക്കാന്‍ സഹായിച്ചപ്പോള്‍ അദ്ദേഹം നന്ദി പറഞ്ഞ് പിരിഞ്ഞു. യാസീന്‍ ഇദ്ദേഹത്തെ സഹായിക്കുന്ന ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വളരെ വേഗമാണ് ദൃശ്യങ്ങള്‍ വൈറലായത്. ആവശ്യം അര്‍ഹിക്കുന്ന ഒരാളെ സഹായിക്കാനായതില്‍ തനിക്ക് വളരെയധികം സന്തോഷം അനുഭവപ്പെട്ടതായി യാസീന്‍ പറഞ്ഞു. നിങ്ങള്‍ ആരെയെങ്കിലും സഹായിച്ചാല്‍ നിങ്ങളെ മറ്റാരെങ്കിലും തിരികെ സഹായിക്കുമെന്ന് തന്റെ പിതാവ് പലപ്പോഴും തന്നോടുപറയുമായിരുന്നുവെന്ന് യാസീന്‍ ഓര്‍ത്തെടുത്തു. തലാബത് തയാറാക്കിയ ഹ്രസ്വവീഡിയോയിലാണ് യാസീന്‍ തന്റെ അനുഭവം വിശദീകരിച്ചത്. ഖത്തര്‍ ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഹമ്മദ് യാസീന്റെ സല്‍പ്രവൃത്തി വൈറലായതോടെ വിവിധ കോണുകളില്‍നിന്നായിരുന്നു അഭിനന്ദനപ്രവാഹം. ആഭ്യന്തരമന്ത്രാലയത്തില്‍നിന്നും വിളിച്ച് അഭിനന്ദനം അറിയിച്ചു. ഹെല്‍മറ്റ്, ജാക്കറ്റ്, ഷൂസ് എന്നിവ സമ്മാനമായി നല്‍കുകയും ചെയ്തു. തലാബത് യാസീന് ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കി. നിലവില്‍ റൈഡര്‍ തസ്തികയിലായിരുന്ന യാസീന്‍ ഇനി മുതല്‍ റൈഡര്‍ ക്യാപ്റ്റനായിരിക്കും.