ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ന്യൂ ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, റീട്ടെയില്‍ മാര്‍ട്ട് ഗ്രൂപ്പുകളുടെ മാനേജിങ് ഡയറക്റ്ററുമായ പി.ടി മുഹമ്മദ് അസ്ലമിന്റെ(55) വിയോഗം ഖത്തറിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ വേദനയായി. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ടായിരുന്നു മരണത്തിന് കീഴടങ്ങിയത്. ഖത്തറിലെ സാമൂഹ്യ, കാരുണ്യ, സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു മുഹമ്മദ് അസ്ലം.
വിവിധ ഇന്ത്യന്‍ മലയാളി സംഘടനകളുടെ പരിപാടികള്‍ക്കും സംരംഭങ്ങള്‍ക്കുമെല്ലാം അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ഐസിബിഎഫിന്റെ നേതൃത്വത്തില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മുഹമ്മദ് അസ്ലമിന്റെ നിര്‍ലോഭമായ പിന്തുണയുണ്ടായിരുന്നു.മലപ്പുറം ജില്ലയിലെ തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി പി.ടി സെയ്താലി ഹാജിയുടെ മകനാണ്.
ഖത്തറില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും പ്രചാരത്തിലാകുന്നതിന് മുമ്പ് പിതാവ് സെയ്താലി ഹാജിയും സഹോദരങ്ങളും ചേര്‍ന്ന് ആരംഭിച്ചതായിരുന്നു ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ്. അല്‍ അന്‍സാരി ആന്‍ഡ് പാര്‍ട്നെഴ്സ്,അരോമ ഇന്റര്‍നാഷണല്‍ ഗ്രൂപ് ഓഫ് കമ്പനീസ്,തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ പങ്കാളിയാണ്. ഭാര്യ: ഷമീന വേങ്ങാട്ട്. മക്കള്‍: നാസിം അഹമ്മദ്, ആയിഷ റിസ. മുഹമ്മദ് അസ് ലമിന്റെ വിയോഗത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. മൃതദേഹം അബുഹമൂറില്‍ ഖബറടക്കി.