
ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ് 19) ബാധിതര്‍ക്ക് ആരോഗ്യ പരിചരണത്തിനും സംശയാസ്പദമായ കേസുകള്‍ നിരീക്ഷിക്കുന്നതിനുമായി മുഖൈനിസില്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈന് കേന്ദ്രത്തിന്റെ പ്രയോജനം ലഭിച്ചത് ഏകദേശം 50,000 തൊഴിലാളികള്‍ക്ക്. സംശയാസ്പദമായ 12,000 കേസുകളും രോഗം സ്ഥിരീകരിച്ച 38,000 കേസുകളുമാണ് മുഖൈനിസ് കേന്ദ്രത്തില്‍ കൈകാര്യം ചെയ്തത്. എല്ലാവര്ക്കും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കിയത്. ഉന്നതനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ക്രമീകരിച്ചത്. ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ(ക്യുആര്‍സിഎസ്) മേല്‍നോട്ടത്തിലാണ് ഈ ക്വാറന്റൈന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. കോവിഡ് പ്രതിസന്ധി തുടങ്ങിയ ഘട്ടത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഈ കേന്ദ്രത്തിന്റെ മേല്‍നോട്ടം ക്യുആര്സിഎസിന് കൈമാറിയത്. മാര്‍ച്ച് അവസാനം മുതലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. അരലക്ഷത്തോളം പേരെ ഇതേവരെ കേന്ദ്രം സ്വീകരിച്ചതായി ക്യുആര്‍സിഎസ് മെഡിക്കല്‍ അഫയേഴ്സ് ഡിവിഷന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസന് അലി കാസിം പറഞ്ഞു. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും തുറന്നിരിക്കുന്ന റിസപ്ഷന് പോയിന്റില്‍ അതിഥികളെ ബസ്സില്‍ എത്തിക്കുന്നതു മുതല്‍ കേന്ദ്രത്തലെ മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങുന്നു.
പുതിയ രോഗികളെ സ്വീകരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള വലിയ ഹാളാണിത്. മെഡിക്കല്‍ ജീവനക്കാര്‍ ഇവിടെയെത്തുന്ന അന്തേവാസികളുടെ സ്വകാര്യ വിവരങ്ങളടങ്ങിയ ഡാറ്റ രജിസ്റ്റര്‍ ചെയ്യുകയും ആരെയാണ് പ്രവേശിപ്പിക്കേണ്ടതെന്നും കൂടുതല്‍ പ്രത്യേക മെഡിക്കല്‍ പരിചരണത്തിനായി ആരെയാണ് ഐസൊലേഷന്‍ സ്ഥലങ്ങളിലേക്ക് മാറ്റേണ്ടതെന്നും നിര്‍ണ്ണയിക്കാന്‍ ചില മാനദണ്ഡങ്ങള്‍ക്കനുസൃതമായി ട്രയേജ് പ്രക്രിയ നടത്തും. ഈ മാനദണ്ഡങ്ങളില്‍ പ്രായം, വിട്ടുമാറാത്ത രോഗങ്ങള്‍(പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, വൃക്കസംബന്ധമായ പ്രശ്നങ്ങള്‍, രോഗപ്രതിരോധ വൈകല്യങ്ങള്‍ എന്നിവ), ശ്വാസോച്ഛ്വാസ ബുദ്ധിമുട്ടുകള്‍, കടുത്ത ചുമ പോലുള്ള കഠിനമായ ശ്വസന ലക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. എല്ലാം കോവിഡ് സിസ്റ്റം വൈഡ് ഇന്‍സിഡന്റ് കമാന്‍ഡ് കമ്മിറ്റിയുമായി(എസ്ഡബ്ല്യുഐസിസി) ഏകോപിപ്പിച്ചിട്ടുണ്ട്.ഓരോ രോഗിക്കും അവരുടെ സ്മാര്‍ട്ട്ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു. ഇല്ലാത്തവര്‍ക്കായി, ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അവരെ സഹായിക്കുന്നുണ്ട്. സ്വാബ് ഫലങ്ങള്‍ പോസിറ്റീവാണോയെന്ന് ഉറപ്പാക്കുന്നതിന് രണ്ടുതവണ പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.ഓരോ രോഗിക്കും ഒരു ബ്ലോക്ക് നമ്പര്‍, വില്ല നമ്പര്‍, റൂം നമ്പര്‍ എന്നിവയുള്ള ശുചിത്വ കിറ്റും കാര്‍ഡും ലഭിക്കും. ഈ നടപടിക്രമങ്ങള്‍ക്കെല്ലാം ശേഷം ബസില്‍ റെഡ് സോണിലെ താമസസ്ഥലത്തേക്ക് മാറ്റും. രോഗികളുടെ സാംസ്കാരികവും മതപരവുമായ പശ്ചാത്തലത്തെ മാനിക്കുന്നതിനായി, ഓരോ രോഗിയോടും അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണത്തെക്കുറിച്ചും(വെജിറ്റേറിയന്‍, ഏഷ്യന്‍, അറബിക് മുതലായവ) ആരാധന അനുഷ്ഠാനങ്ങളെക്കുറിച്ചും ചോദിച്ചറിയും.
പരിചിതത്വവും സാമൂഹികവല്‍ക്കരണവും ഉറപ്പുവരുത്തുന്നതിന് സമാന ദേശീയതകളുള്ളവരെ ഒരുമിച്ച് താമസിപ്പിക്കും. കേന്ദ്രത്തിലെ താമസത്തിന്റെ ശരാശരി ദൈര്‍ഘ്യം 14 ദിവസമാണ്. ഓരോ ബ്ലോക്കിനെയും നാല് സോണുകളായി തിരിച്ചിട്ടുണ്ട്. ഓരോന്നിലും ഒരു മെഡിക്കല്‍ ക്ലിനിക്കുണ്ട്. മെഡിക്കല്‍ പ്രൊഫഷണലുകള്‍ പൂര്‍ണ്ണ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍(പിപിഇ) ധരി്ച്ചാണ് സേവനമനുഷ്ടിക്കുന്നത്. ഒപ്പം എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഉപഭോഗവസ്തുക്കളും ക്ലിനിക്കിനുള്ളില്‍ തന്നെ തുടരും. മെഡിക്കല്‍ പരിശോധനയും മരുന്നുകളും രോഗികള്‍ക്ക് സൗജന്യമായാണ് ലഭ്യമാക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍, ഡോക്ടറെ എല്ലാ സമയവും വിളിക്കാന്‍ രോഗികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഫോണ്‍ നമ്പറും വാട്ട്സ്ആപ്പും ഉണ്ട്. അല്ലെങ്കില്‍ അവര്‍ക്ക് 16006 ഹോട്ട്ലൈനില്‍ വിളിക്കാം. അതല്ലെങ്കില്‍ സോണിന്റെ ഗേറ്റിലെ അടുത്തുള്ള ഗാര്‍ഡുമായി സംസാരിക്കാം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജിന് അര്‍ഹരായവരുടെ പട്ടിക ദിവസേന തയ്യാറാക്കും. അവര്‍ 14 ദിവസം ഐസൊലേഷനില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യവാന്മാരാണെന്നും ഇഹ്തിറാസ് ആപ്പ് സജീവമാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കിയശേഷമാണ് പട്ടിക തയാറാക്കുന്നത്. അതിനുശേഷം അവര്‍ക്ക് സാധാരണ ജീവിതം പുനരാരംഭിക്കാന്‍ കഴിയും. 3000 അതിഥികളുമായി ആരംഭിച്ച കേന്ദ്രം ക്രമേണ വിപുലീകരിക്കുകയും ചില ഘട്ടങ്ങളില്‍ 12,000 പേരെ ഉള്‍ക്കൊള്ളുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ ക്വാറന്റൈന് വേണ്ടിമാത്രമായിരുന്നു. പക്ഷേ മെയ് ആദ്യത്തോടെ സ്ഥിരീകരിച്ച അണുബാധകള്‍ക്കുള്ള ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റി.വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ക്യുആര്‍സിഎസ് 150 ഓളം ഫിസിഷ്യന്മാരെയും നഴ്സുമാരെയും സാങ്കേതിക വിദഗ്ധരെയും മെഡിക്കല്‍ സേവനങ്ങള്‍ക്കായി കേന്ദ്രത്തില്‍ എത്തിച്ചിരുന്നു.