
ദോഹ: രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികള്‍ ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കി. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. അല്‍ശമാല്‍ മുനിസിപ്പാലിറ്റിയുടെ മുനിസിപ്പല്‍ കണ്ട്രോള് വകുപ്പിലെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യഔട്ട്ലെറ്റുകളില് 38 പരിശോധനാ കാമ്പയിനുകള്‍ നടത്തി.
ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ ഷോപ്പുകളിലുള്പ്പടെ പരിശോധന നടത്തി. പരിശോധനക്കിടെ നിയമലംഘനവുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് പുറപ്പെടുവിക്കുകയും ഒരു സ്ഥാപനം അടക്കുകയും ചെയ്തു. പത്ത് അറവുമൃഗങ്ങളുടെ മാംസവും 3050 കിലോഗ്രാം മത്സ്യവും പരിശോധനക്ക് വിധേയമാക്കി. അല്ശഹാനിയ മുനിസിപ്പാലിറ്റിയുടെ മുനിസിപ്പല്‍ കണ്ട്രോള് വകുപ്പിലെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജുമൈലിയ, ദുഖാന്, സിക്രീത്ത് പ്രദേശങ്ങളിലും പരിശോധന നടത്തി. 40 ഭക്ഷ്യസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങളും കണ്ടെത്തി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരോടു ആരോഗ്യ ആവശ്യകതകള്‍ പാലിക്കാനും മാസ്ക്കുകളും കയ്യുറകളും ഉള്‍പ്പടെ ധരിക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.