
മനാമ: കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ മടങ്ങിയെത്തി ക്വാറന്റൈനില്‍ കഴിയുന്ന ബഹ്‌റൈന്‍ പ്രവാസിക്കു നേരെ വധശ്രമം. പ്രതിസന്ധി കാലത്ത് സഹായങ്ങളെത്തിച്ച കെ എം സി സിക്ക് നന്ദി പറഞ്ഞതിനാണ് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വടകര വില്യാപ്പള്ളി അരയാക്കൂല്‍ താഴ ജിലേഷിനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായി പ്രയാസത്തിലായ ജിലേഷിന്റെ വിവരങ്ങള്‍ അറിഞ്ഞ കെ എം സി സി പ്രവര്‍ത്തകര്‍ സഹായങ്ങള്‍ നല്കിയിരുന്നു. ഭക്ഷണ സാധനങ്ങള്‍ നല്കുകയും നാട്ടിലേക്ക് പോകാനുള്ള ആഗ്രഹം സഫലമാക്കി ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ സൗകര്യം നല്കുകയും ചെയ്തതാണ് ജിലേഷ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയില്‍ നന്ദിപൂര്‍വം സ്മരിച്ചത്. പ്രയാസപ്പെട്ടപ്പോള്‍ ചേര്‍ത്ത് പിടിക്കാന്‍ മുന്നില്‍ നിന്ന കെ എം സി സിയുടെ പ്രവര്‍ത്തനങ്ങളെ എടുത്തുപറയുകയും പ്രകീര്‍ത്തിക്കുകയും ചെയ്തത് ചിലരെ അരിശം പിടിപ്പിച്ചതാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
ആക്രമികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ക്വാറന്റയിനിലുള്ള പ്രവാസിയെ അക്രമിച്ച സംഭവം കേരളത്തിലാണെന്നതില്‍ ലജ്ജിക്കുന്നുവെന്നും കെ എം സി സി ബഹ്റൈന്‍ സംസ്ഥാന സെക്രട്ടറി എ പി ഫൈസല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, ആക്ടിങ് ജനറല്‍ സെക്രട്ടറി പി കെ ഇസ്ഹാഖ്, വൈസ് പ്രസിഡന്റ് ശരീഫ് വില്ല്യാപ്പള്ളി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.