in

മ്യൂസിയങ്ങളും പൈതൃകകേന്ദ്രങ്ങളും ഒന്നു മുതല്‍ തുറക്കും

ദോഹ: ഖത്തര്‍ മ്യൂസിയംസിന്റെ നിശ്ചിത എണ്ണം മ്യൂസിയങ്ങളും പൈതൃകകേന്ദ്രങ്ങളും ജൂലൈ ഒന്നു മുതല്‍ തുറക്കും. കര്‍ശനമായ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും മ്യൂസിയങ്ങളും മറ്റു കേന്ദ്രങ്ങളും തുറക്കുക. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്, മതാഫ്- അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ദോഹ ഫയര്‍‌സ്റ്റേഷനിലെ ഗാര്യേജ് ഗ്യാലറി എന്നിവയും പൈതൃക സ്ഥലങ്ങളായ അല്‍സുബാറ, അല്‍ജസാസിയ, ബര്‍സാന്‍ ടവേഴ്‌സ് എന്നിവയുമാണ് ആദ്യം തുറക്കുന്നത്. ദോഹ ഫയര്‍‌സ്റ്റേഷനില്‍ പിക്കാസോസ് സ്റ്റുഡിയോസ് എന്ന പ്രത്യേകപ്രദര്‍ശനത്തിനും ഇക്കാലയളവില്‍ തുടക്കമാകും.

പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ- സാംക്രമിക രോഗ നിയന്ത്രണ ഓഫീസില്‍നിന്നുള്ള ശുപാര്‍ശകള്‍ക്കനുസൃതമായിട്ടായിരിക്കും ജൂലൈ ഒന്നു മുതല്‍ നിശ്ചിത എണ്ണം മ്യൂസിയങ്ങള്‍ തുറക്കുക.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാംഘട്ടം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പുതിയ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകളുടെ അടിസ്ഥാനത്തില്‍ ബാക്കി മ്യൂസിയങ്ങളും ഘട്ടംഘട്ടമായി തുറക്കും. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കിക്കൊണ്ടായിരിക്കും അത്തരം നടപടികള്‍. ജൂലൈ ഒന്നു മുതല്‍ മ്യൂസിയം ഓഫ് ഇസ്സാമിക് ആര്‍ട്ടിന്റെയും മതാഫിന്റെയും സ്ഥിരം ശേഖരങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. മ്യൂസി നാഷണല്‍ പിക്കാസോ പാരീസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പിക്കാസോസ് സ്റ്റുഡിയോസ് പ്രദര്‍ശനം ദോഹ ഫയര്‍‌സ്റ്റേഷനിലെ ഗ്യാരേജ് ഗ്യാലറിയില്‍ സംഘടിപ്പിക്കും. ജൂലൈ ഒന്നു മുതല്‍ നിരവധി മ്യൂസിയങ്ങളിലേക്കും പൈതൃക സൈറ്റുകളിലേക്കും പൊതുജനങ്ങളെ സ്വാഗതം ചെയ്യാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ മ്യൂസിയംസ് സിഇഒ അഹമ്മദ് അല്‍നംല പറഞ്ഞു. ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്, ആരോഗ്യ- സുരക്ഷാ നടപടികള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യൂസിയം ഗിഫ്റ്റ് ഷോപ്പുകളും തുറക്കും. മ്യൂസിയം തുറക്കുന്ന സമയങ്ങളില്‍ കഫേകള്‍ പരിമിതമായ സേവനം നല്‍കും. ശനി മുതല്‍ വ്യാഴം വരെ മിയയിലെ ഇദാം റെസ്റ്റോറന്റ് അത്താഴസേവനത്തിനായി പരിമിതമായ ശേഷിയില്‍ പ്രവര്‍ത്തിക്കും.
ഖത്തര്‍ ദേശീയ മ്യൂസിയത്തിലെ ജിവാന്‍ ഉച്ചഭക്ഷണത്തിനും ഉച്ചക്കുശേഷമുള്ള ചായ സേവനങ്ങള്‍ക്കായി പരിമിതമായ ശേഷിയില്‍ തുറക്കും. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ദേശീയ മ്യൂസിയത്തിന്റെ ഗ്യാലറികള്‍ തുടര്‍ന്നും അടഞ്ഞുകിടക്കുമെങ്കിലും ഗിഫ്റ്റ് ഷോപ്പുകള്‍ തുറക്കും. ആദ്യ ഘട്ടത്തില്‍, പൊതു പ്രോഗ്രാമുകള്‍, ഗ്രൂപ്പ് ടൂറുകള്‍, പ്രത്യേക പരിപാടികള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെക്കും. കൂടാതെ ഖത്തര്‍ മ്യൂസിയംസ് കളിസ്ഥലങ്ങള്‍, ലൈബ്രറികള്‍, പാര്‍ക്കുകള്‍(മിയ പാര്‍ക്ക് ഉള്‍പ്പെടെ) ആദ്യ ഘട്ടത്തില്‍ അടച്ചിരിക്കും. പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഓരോ മ്യൂസിയത്തിലും പരിമിതമായ എണ്ണം സന്ദര്‍ശകരെയും ജീവനക്കാരെയും അനുവദിക്കും. മ്യൂസിയങ്ങളും ഹെറിറ്റേജ് സൈറ്റുകളും ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ തുറന്നിരിക്കും. സന്ദര്‍ശകര്‍ ക്യുഎം വെബ്സൈറ്റില്‍ മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്യണം. ഇഹ്തിറാസ് ആപ്പില്‍ പച്ചനിറമുള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. സന്ദര്‍ശകരുടെ താപനിലയും പരിശോധിക്കും. സന്ദര്‍ശകര്‍ മാസ്‌ക്ക് ധരിച്ചിരിക്കണം. വിവിധ ഭാഗങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. സന്ദര്‍ശകര്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണം.
ഈ കാലയളവില്‍ ക്ലോക്ക് റൂമുകളുടെ സേവനം ലഭിക്കില്ല. കൂടാതെ, ടച്ച്‌സ്‌ക്രീനുകള്‍ പോലുള്ള ഓരോ മ്യൂസിയത്തിലെയും സംവേദനാത്മക സവിശേഷതകള്‍ താല്‍ക്കാലികമായി നീക്കംചെയ്യും. കൂടാതെ ഗാലറി ഗൈഡുകളുടെ സേവനം ഓണ്‍ലൈനില്‍ മാത്രം വാഗ്ദാനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഖത്തര്‍ മ്യൂസിയംസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ജൂണ്‍ 22) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സ്: അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടി