ദോഹ: സ്തനാര്‍ബുദ ബോധവത്കരണ മാസത്തോടനുബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നസീം ഹെല്‍ത്ത് കെയര്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച കാലത്ത് ആറിന് ദോഹ ആസ്പയര്‍ പാര്‍ക്കിലാണ് 400ലധികം ആളുകള്‍ പങ്കാളികളായ
ആകര്‍ഷകമായ പരിപാടി നടന്നത്. അര്‍ബുദത്തെ അതിജീവിച്ച സിദ്ര മെഡിസിനിലെ ഫാര്‍മസി സര്‍വീസസ് ഡയറക്ടര്‍ ഫാത്തിയ അദീര്‍ വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തത് ശ്രദ്ധേയമായി.
അര്‍ബുദത്തെ അതിജീവിച്ചവരുടെ പങ്കാളിത്തവും അവരുടെ സ്വന്തം അതിജീവനാനുഭവത്തില്‍ നിന്നുള്ള പ്രചോദനാത്മകമായ വാക്കുകളും പരിപാടിക്കെത്തിയവരില്‍ ഉണര്‍വ്വേകി. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍, നൈസ് ഡ്രിങ്കിംഗ് വാട്ടര്‍, റിയല്‍ കോഫി എന്നിവയുടെ പങ്കാളിത്തത്തോടെയായിരുന്നു വാക്കത്തോണ്‍. സ്തനാര്‍ബുദം വരുന്നതിന്റെ കാരണവും പ്രതിരോധ നടപടികളും പൊതുജനങ്ങള്‍ മനസ്സിലാക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനുമായി ഒക്ടോബര്‍ മാസത്തിലാണ് ഇതു സംബന്ധമായ വാര്‍ഷിക പ്രചാരണ കാംപയിന്‍ നടത്തിവരുന്നത്.
ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് സയന്റിഫിക് റിസര്‍ച്ച് വിഭാഗം മേധാവി ഡോ. ഹാദി മുഹമ്മദ് അബു റഷീദിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സ്തനാര്‍ബുദത്തെക്കുറിച്ച് ഖത്തറിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബോധവത്കരണം നടത്തുന്നതിനുള്ള ചുവടുവെപ്പാണ് വാക്കത്തോണ്‍ എന്ന് നസീം ഹെല്‍ത്ത് കെയര്‍ ജനറല്‍മാനേജര്‍ ഡോ. മുനീര്‍ അലി ഇബ്രാഹിം പറഞ്ഞു. നസീം ഹെല്‍ത്ത്‌കെയര്‍ കോര്‍പ്പറേറ്റ് റിലേഷന്‍സ്-മാര്‍ക്കറ്റിംഗ് മാനേജര്‍ സങ്കേത് മേധേക്കര്‍ സ്വാഗതം പറഞ്ഞു.